അരൂർ: അരൂർ മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും വികസന പദ്ധതികളടെ തുടർച്ചയ്ക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി .പുളിക്കലിന്റെ വിജയം അനിവാര്യമാണെന്നും എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന സർക്കാർ തുടങ്ങി വച്ച പദ്ധതികൾ ഇനിയുള്ള ഒന്നേമുക്കാൽ വർഷം കൊണ്ട് പൂർത്തിയാക്കും. അരൂർ മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്നമായ കുടിവെള്ള പ്രശ്നത്തിന് ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ ഒരു പരിധിവരെ പരിഹാരം കാണാൻ കഴിഞ്ഞു. ശബരിമലയിൽ ശരണം വിളിച്ചതിന്റെ പേരിൽ എൽ.ഡി.എഫ് സർക്കാർ ആരേയും ദ്രോഹിച്ചിട്ടില്ല. അതിന്റെ പേരിൽ നടത്തിയ അക്രമ പ്രവർത്തങ്ങൾക്കെതിരെയായിരുന്നു നടപടി. വിശ്വാസികൾക്കൊപ്പമാണ് എൽ.ഡി.എഫ്. കേരളത്തിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച പ്രസ്ഥാനങ്ങളായ എസ്.എൻ.ഡി.പിക്കും എൻ.എസ്.എസിനും കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിലും ഇടപെടാൻ അവകാശമുണ്ട്. എൻ.എസ്.എസിന്റെ ഇപ്പോഴത്തെ നിലപാടിൽ ദു:ഖമുണ്ട്. സമുദായ സംഘടനകൾക്കെതിരല്ല പാർട്ടി. എല്ലാ വിശ്വാസങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നുംഅഡ്വ.എ.എം.ആരിഫ് എം.പി, സജി ചെറിയാൻ എം.എൽ.എ, അഡ്വ.എം.കെ.ഉത്തമൻ, സി.ബി.ചന്ദ്രബാബു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.