അമ്പലപ്പുഴ: പാർക്കിംഗിനു സൗകര്യമില്ലാത്തതിനാൽ അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ കച്ചേരിമുക്ക് മുതൽ അമ്പലപ്പുഴ ക്ഷേത്രം വരെ റോഡരികിൽ വാഹനങ്ങൾ ഒതുക്കേണ്ടിവരുന്നത് ഉടമകൾക്കും ഒപ്പം വ്യാപാരികൾക്കും തലവേദനയാവുന്നു.
ഈ ഭാഗത്ത് റോഡിന് വീതി കൂടിയെങ്കിലും പാർക്കിംഗിന് പ്രയോജനപ്രദമാവുന്ന വിധത്തിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ വരെ ഗതാഗത കുരുക്കിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. കച്ചേരിമുക്ക് ട്രാഫിക് സിഗ്നൽ പോയിന്റിൽ സംസ്ഥാന പാതയിൽ നിന്നു ദേശീയ പാതയിലേക്ക് കടക്കാൻ 20 സെക്കന്റ് മാത്രമാണ് വാഹനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ളത്.
വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് പല സ്ഥലങ്ങളിലേക്കും പോകുന്നവർ മണിക്കൂറുകൾ കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് ആവശ്യമായ പാർക്കിംഗ് ഇല്ലാത്തതിനാലാണ് അനധികൃത പാർക്കിംഗ് രൂക്ഷമായത്. അനധികൃത പാർക്കിംഗ് തുടർന്നിട്ടും പൊലീസും പഞ്ചായത്ത് അധികൃതരും നടപടി എടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.