അമ്പലപ്പുഴ: നിയുക്ത ശബരിമല മേൽശാന്തി എം.കെ. സുധീർ നമ്പൂതിരിക്ക് ഇന്ന് അമ്പലപ്പുഴയിൽ സ്വീകരണം നൽകും. അമ്പലപ്പുഴ അയ്യപ്പ ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം നാടകശാലയിൽ വൈകിട്ട് അഞ്ചിനാണ് സ്വീകരണം. ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് ഒരുമിച്ച് കഴിഞ്ഞ 9 ന് സ്വീകരണത്തിന് ക്രമീകരണങ്ങൾ ചെയ്തിരുന്നെങ്കിലും അന്ന് മേൽശാന്തിമാർക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തേണ്ടി വന്നതിനാൽ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.
ശബരിമലയിലേക്കുള്ള യാത്രാവേളയിൽ ആണ് മേൽശാന്തി അമ്പലപ്പുഴയിൽ എത്തുന്നത്. പടിഞ്ഞാറെ ഗോപുര നടയിൽ നിന്നു പൂർണ്ണ കുംഭം നൽകി സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. നാടകശാലയിൽ നടക്കുന്ന സമ്മേളനത്തിൽ സമൂഹ പെരിയാൻ കളത്തിൽ ചന്ദ്രശേഖരൻ നായർ മേൽശാന്തിയെ പൊന്നാട അണിയിച്ച് ആദരിക്കും. തുടർന്ന് വിവിധ സംഘടനാ ഭാരവാഹികളും മേൽശാന്തിയെ ആദരിക്കും. അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി എൻ. മാധവൻ കുട്ടി നായർ സ്വാഗതവും ട്രഷറർ കെ. ചന്ദ്രകുമാർ നന്ദിയും പറയും.