 കുടിവെള്ളം മുടങ്ങിയിട്ട് മൂന്നു ദിവസം

ആലപ്പുഴ: കനത്ത മഴയിൽ പൊടുന്നനെ വെള്ളത്തിലായ ആലപ്പുഴ നഗരത്തിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നു. മൂന്ന് ദിവസമായി കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ് നഗരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളിലും.

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ അടിക്കടി പൊട്ടലുണ്ടാകുന്നതാണ് കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണം. മുഹമ്മദൻസ് സ്‌കൂളിൽ പ്രവർത്തിച്ച ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ അസാനിപ്പിച്ചെങ്കിലും വീടുകളിൽ എത്തിയവർ ശുദ്ധജലത്തിനുവേണ്ടി നെട്ടോട്ടമോടുകയാണ്. ആർ.ഒ പ്ലാന്റുകളിൽ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. രണ്ട് ക്യാമ്പുകളായി 600 പേരാണ് കഴിഞ്ഞിരുന്നത്. മിക്കയിടത്തും വെള്ളമിറങ്ങിയെങ്കിലും ചെളി പുതഞ്ഞുകിടക്കുകയാണ്. വീടുകളിൽ മടങ്ങിയെത്തുന്നവർ പരിസരം വൃത്തിയാക്കുന്ന തിരക്കിലാണ്. വീട് വൃത്തിയാക്കാൻ നഗരസഭ അധികൃതർ ബ്ലീച്ചിംഗ് പൗഡർ, ലോഷനുകൾ തുടങ്ങിയവ ലഭ്യമാക്കും.

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ വെള്ളമെത്തിച്ച് നൽകുമെന്ന ഉറപ്പിലാണ് നാട്ടുകാരുടെ പ്രതീക്ഷ. കാനകൾ പലതും മാലിന്യം നിറഞ്ഞ് അടഞ്ഞുകിടക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്കില്ല. തോടുകളും കൈയേറിയതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതവും താറുമാറാണ്. റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ പിരിവെടുത്ത് കാനകൾ വൃത്തിയാക്കുകയാണ്.

......................................

 കുടിവെള്ള ക്ഷാമമുള്ള വാർഡുകൾ


വാടയ്ക്കൽ, ഗുരുമന്ദിരം,ഇരവുകാട്,വലിയകുളം,വലിയമരം,ബീച്ച്, റെയിൽവേ,മുല്ലാത്ത് വളപ്പ്,എം.ഒ വാർഡ്,വലിയമരം

.................................

'കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിച്ച് നൽകും. നടപടി ആരംഭിച്ചിട്ടുണ്ട്'

(വാട്ടർ അതോറിട്ടി അധികൃതർ)

.................................

'മൂന്ന് ദിവസമായി പെപ്പിൽ വെള്ളമെത്തിയിട്ട്. രോഗഭീഷിണി ഉയർത്തുന്ന സാഹചര്യത്തിൽ വെള്ളം കിട്ടാത്തത് ജനങ്ങളെ ഏറെ വലയ്ക്കുന്നു. വാട്ടർ അതോറിട്ടിയിൽ നിരന്തര പരാതി നൽകിയതിനെ തുടർന്ന് ടാങ്കറുകളിൽ തത്കാലം വെള്ളം എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്'.

(ബഷീർ കോയാപറമ്പിൽ, വികസന സ്റ്റാൻഡിംഗ് കമ്മറ്രി ചെയർമാൻ)