palam

 ശിലാസ്ഥാപനം ഉടൻ, പ്രദേശത്തിന്റെ മുഖച്ഛായ മാറും

കായംകുളം: കണ്ടല്ലൂർ- ദേവികുളങ്ങര ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ കടവ് പാലം നിർമ്മാണത്തിന്റെ കരാർ നടപടികൾ അന്തിമ ഘട്ടത്തിൽ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഫല പ്രഖ്യാപനത്തിനു ശേഷം നടപടികൾ പൂർത്തിയാക്കി ശിലാസ്ഥാപനം നടക്കും. രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാൻ കഴിയുന്ന പാലത്തിന്റെ നിർമ്മാണം ആരംഭിച്ച് 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ജില്ലയുടെ തെക്കേ അതിർത്തിയിലുള്ള കടത്തുകടവായ കൂട്ടുംവാതുക്കൽക്കടവ് പാലം സഞ്ചാരയോഗ്യമാകുന്നതോടെ ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ആശ്വസമാവും. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ 8 മുതൽ 11 വരെയുള്ള വാർഡുകളും ദേവികുളങ്ങര പഞ്ചായത്തിലെ 12-ാം വാർഡും ആറാട്ടുപുഴ പഞ്ചായത്തിലെ അഞ്ചാം വാർഡും ഉൾക്കൊള്ളുന്ന പ്രദേശമാണിത്. ദേവികുളങ്ങര പഞ്ചായത്തിലെ കുമ്പിളിശേരി വാർഡിൽ ജനസംഖ്യ ആയിരത്തിലേറെയുണ്ട്.

കായലിന് അപ്പുറം ഒരു കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഹോമിയോ- ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ എന്നി​വി​ടങ്ങളി​ൽ എത്താൻ 3 ബസുകൾ കയറി 10 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പാലം വന്നാൽ കണ്ടല്ലൂർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളി​ൽ ഉള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ ഓച്ചിറ, ആയിരംതെങ്ങ് ഭാഗങ്ങളിൽ എത്തിച്ചേരാനാകും. കണ്ടല്ലൂർ നിവാസികൾക്ക് ദേവികുളങ്ങര വടക്കേആഞ്ഞിലിമൂട് വഴി ദേശീയപാതയിൽ എത്താനും കഴിയും.

............................................

# പാലത്തിന്റെ ചുരുക്കം

 ചെലവ്: 40 കോടി

 നീളം 300 മീറ്റർ, വീതി 11 മീറ്റർ

 നടപ്പാത വീതി 1.5 മീറ്റർ

 ഏറ്റെടുക്കേണ്ടത് 25 സെന്റ്

 സ്ഥലം നൽകാൻ ഉടമകൾ തയ്യാർ

..........................................

 40 വർഷത്തെ കാത്തിരിപ്പ്

തീരദേശ വാസികളുടെ ചിരകാല അഭിലാഷമായ കുട്ടംവാതുക്കൽ കടവ് പാലം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യത്തിന് നാലര പതിറ്റാണ്ടത്തെ പഴക്കമുണ്ട്. നാല് വർഷം മുമ്പുതന്നെ സംസ്ഥാന ബഡ്ജറ്റിൽ പണം നീക്കിവെച്ചെങ്കിലും യാത്രക്കാർ കുറവുള്ള ഭാഗമായതിനാൽ പാലം വലിയതോതിൽ പ്രയോജനപ്രദമാകില്ലെന്ന ചീഫ് എൻജിനീയറുടെ റിപ്പോർട്ടിനെ തുടർന്ന് നടപടികൾ മരവിപ്പിക്കുകയായിരുന്നു.

.......................................

'പാലം യാഥാർത്ഥ്യമായാൽ പ്രദേശത്തിന്റെ മുഖച്ഛായതന്നെ മാറും. 40 വർഷത്തെ കാത്തിരിപ്പിനാണ് തീർപ്പുണ്ടാകുന്നത്. നിർമ്മാണം തുടങ്ങിക്കഴിഞ്ഞ് മറ്റ് തടസങ്ങളുണ്ടാവാതിരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം'

(നാട്ടുകാർ)