a

മാവേലിക്കര: അകാലത്തിൽ മകനെ നഷ്ടമായതിന്റെ വേദന കനലായി എരിയവേ, മകനുവേണ്ടി എടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിതാവിന്റെ പേരിൽ ബാങ്കിൽ നിന്ന് കത്ത്.

പോനകം പ്ലാവിള വീട്ടിൽ മോഹനൻപിള്ളയാണ് ബാങ്ക് അധികൃതരുടെ കടുപിടിത്തത്തിൽപ്പെട്ട് നീറുന്നത്. 2017 സെപ്തംബർ 24നാണ് മനുമോഹൻ ഹൃദയാഘാതത്തെ തുടർന്ന് 29-ാമത്തെ വയസിൽ മരണമടഞ്ഞത്. ചെന്നൈയിലെ ജയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ എം.ബി.എ പഠനത്തിനായി 2008ൽ ഐ.ഒ.ബി ബാങ്കിന്റെ മാവേലിക്കര ശാഖയിൽ നിന്നെടുത്ത 1.35 ലക്ഷത്തിന്റെ വായ്പയുടെ ബാക്കി തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം. മനു മരിക്കുന്നതിന് മുമ്പ് 2.30 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി അടച്ചിരുന്നു. മകന്റെ വേർപാടിനു ശേഷം രോഗിയായ പിതാവിന് പണം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. കുടിശികയും പലിശയും ചേർത്ത് 1.37 ലക്ഷം ഇനിയും അടയ്ക്കണമെന്നാണ് 2018 ജനുവരിയിൽ ബാങ്ക് നോട്ടീസ് നൽകിയത്. വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മോഹനൻപിള്ള അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് തുടർ നടപടികൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ മനു പഠിച്ചത് മെറിറ്റ് അടിസ്ഥാനത്തിൽ അല്ലാത്തതിനാൽ ലോൺ എഴുതിതള്ളാൻ നിർവ്വാഹമില്ലെന്ന അറിയിപ്പാണ് ഫൈനാൻസ് ഓഫീസിൽ നിന്ന് വന്നത്. ഇതോടെ ബാങ്ക് തുടർ നടപടി തുടങ്ങുമെന്ന വേവലാതിയിലാണ് മോഹൻപിള്ള. മകന്റെ വേർപാടിന് പിന്നാലെ സ്വന്തമായുള്ള മൂന്ന് സെന്റ് സ്ഥലം കൂടി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബം.