tv-r

തുറവൂർ : ബി.ജെ.പി സംസ്ഥാന നേതൃത്വവുമായല്ല , കേന്ദ്ര നേതൃത്വവുമായിട്ടാണ് ബി.ഡി.ജെ.എസിന് സഖ്യമെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു ബി.ഡി.ജെ.എസ്.അരൂർ നിയോജക മണ്ഡലം നേതൃത്വ കൺവെൻഷൻ പറയകാട് ക്ഷീര വ്യവസായ സഹകരണ സംഘം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ബൂത്തുകളിലും എൻ.ഡി.എ.സംവിധാനം ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബി.ഡി.ജെ.എസിന്റേതു പോലെ എൻ.ഡി.എയിലെ മറ്റ് പാർട്ടികളുടെ താഴെ തട്ടിലെ പ്രവർത്തനവും ഊർജ്ജിതമാക്കിയാലേ വരുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടാനാകൂ. എൻ.ഡി.എ.സംവിധാനം താഴെ തട്ടിലെത്താത്തതിനാലാണ് അരൂർ സീറ്റിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ നിർത്താതിരുന്നത്. അല്ലാതെ അധികാരസ്ഥാനം കിട്ടാത്തതിന്റെ പേരിലല്ല. ബി.ഡി.ജെ.എസിന് കിട്ടേണ്ടത് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കിട്ടും. പാലാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.സ്ഥാനാർത്ഥിയ്ക്ക് വോട്ട് കുറഞ്ഞത് ബി.ഡി.ജെ.എസിന്റെ തലയിൽ വച്ചുകെട്ടാനാണ് ശ്രമം. ബി.ജെ.പി.യുടെ പ്രാദേശിക നേതാക്കൾക്കിടയിലെ ഭിന്നതയാണ് അവിടെ വോട്ട് കുറയാൻ കാരണം. അടുത്ത 20 വർഷത്തേക്ക് ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നും ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും തുഷാർ പറഞ്ഞു. ബി.ഡി.ജെ.എസ്.നിയോജക മണ്ഡലം പ്രസിഡൻറ് കെ.എസ്.ഷിബുലാൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ ,ജില്ലാ പ്രസിഡൻറ് ഷാജി.എം.പണിക്കർ, എൻ.ഡി.എ.സ്ഥാനാർത്ഥി കെ.പി.പ്രകാശ് ബാബു, പി .ടി. മൻമഥൻ, എൻ.കെ. നീലകണ്ഠൻ, സന്തോഷ് ശാന്തി, പി .എസ്.രാജീവ്, ടി. അനിയപ്പൻ, ആര്യൻ ചള്ളിയിൽ, ബിജുദാസ് ,അനിൽ രാജ്, മഞ്ജു ബോസ് തുടങ്ങിയവർ സംസാരിച്ചു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് തുഷാർ വെള്ളാപ്പള്ളി അരൂർ മണ്ഡലത്തിലെത്തിയത്. എൻ.ഡി.എ. സ്ഥാനാർത്ഥി പ്രകാശ് ബാബുവും കൺവെൻഷനിൽ പങ്കെടുത്തു.