ചാരുംമൂട്: നൂറനാട് പഞ്ചായത്തിലെ ഇടക്കുന്നം പ്രദേശത്ത് മഞ്ഞപ്പിത്തം പടർന്നുപിടിച്ചിട്ടും പ്രതിരോധപ്രവർത്തനത്തിന് നടപടിയില്ലാത്തതിനാൽ നാട്ടുകാർ ആശങ്കയിൽ. കഴിഞ്ഞ മാസം 5 ന് മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ബസ് കണ്ടക്ടർ ഇടക്കുന്നം അശ്വതിയിൽ ലാൽ എസ്. രവി (40)മരിച്ചിരുന്നു. ഇപ്പോൾ പ്രദേശവാസികളായ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ചെയ്തു.
മരിച്ച ലാലിന്റെ മകൾ അനാമികയ്ക്കും മഞ്ഞപ്പിത്തം ബാധിച്ചതോടെ സഹോദരൻ ഷാൽ എസ്. രവി ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകി . അതിന്റെ അടിസ്ഥാനത്തിൽ കിണറ്റിലെ വെള്ളം പരിശോധനക്കയച്ചപ്പോൾ അതിൽ കോളിഫോം ബാക്ടീരിയയുടെ അധിക സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. കിണറ്റിലെ വെള്ളം കുടിക്കരുതെന്ന് പറഞ്ഞ് മെഡിക്കൽ അധികൃതർ പോയി. അതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്തെ പത്തോളം പേർ ചികിത്സ തേടുകയും അതിൽ എട്ടോളം പേർക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ലാലിന്റെ സഹോദരൻ ഷാലും ഉണ്ട്. ഇരുന്നൂറ് മീറ്റർ പരിധിയിൽ താമസിക്കുന്ന അയൽക്കാരാണ് ഇപ്പോൾ അസുഖം ബാധിച്ച് വിവിധ ആശുപത്രിയിൽ കഴിയുന്നത്. അനാമിക, അപർണ , വിഷ്ണു ഭവനത്തിൽ സുഭാഷിന്റെ മകൻ ഹരി, ഗായത്രിയിൽ ഓമനകുട്ടന്റെ ഭാര്യ ശ്രീലത എന്നിവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ളോറിനേഷൻ മാത്രം
പ്രദേശത്തെ കിണറുകളിൽ ക്ളോറിനേഷൻ നടത്തിപ്പോയതല്ലാതെ മറ്റ് നടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് കഴിഞ്ഞില്ല. കൂടുതൽ പരിശോധന നടത്താനോ കോളീഫോം ബാക്ടീരിയ കൂടാൻ കാരണം കണ്ടെത്താൻ വൈറോളജി ഡിപ്പാർട്ട് മെന്റിന് അയക്കാനോ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കിണർവെള്ളം കുടിക്കരുതെന്ന് പറയുമ്പോഴും ബദൽ മാർഗത്തിന് നടപടി അധികൃതർ കൈക്കൊള്ളുന്നില്ല.
മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, കളക്ടർ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് നേരത്തേ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതിരുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു.