dutch-king-

ആലപ്പുഴ: കായൽ യാത്രയ്ക്കിടെ അഴീക്കൽ പാടശേഖരത്തിന്റെ കിഴക്കേച്ചിറ സന്ദർശിക്കാനിറങ്ങിയ നെതർലാൻഡ് രാജാവ് വില്ല്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കുട്ടനാട്ടിലെ കാർഷിക പാരമ്പര്യത്തെക്കുറിച്ചും കാർഷിക രീതികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കളക്ടർ ഡോ. അദീല അബ്ദുള്ളയാണ് ഇരുവരുടെയും സംശയ നിവാരണത്തിന് ഒപ്പമുണ്ടായിരുന്നത്.

പാടശേഖരങ്ങളിൽ വെള്ളം കയറ്റാനും ഇറക്കാനും പരമ്പരാഗതമായി കുട്ടനാട്ടിൽ ഉപയോഗിച്ചു വരുന്ന പെട്ടിയും പറയും രീതികളെപ്പറ്റി കളക്ടർ പറഞ്ഞപ്പോൾ സോളാർ പാനലുകൾ ഉപയോഗിച്ചുകൂടേ എന്നായി രാജാവ്. നെതർലാൻഡിൽ സോളാർ പാനലുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്രയും സുലഭമായി വെയിൽ ലഭിക്കുന്ന കുട്ടനാട്ടിലും സോളാർ മോട്ടോർ പമ്പുകൾ ഉപയോഗിച്ചാൽ കൂടുതൽ ലാഭം നേടാമെന്ന് രാജാവ് പറഞ്ഞു. രണ്ട് സീസണുകളിലായി കൃഷി ചെയ്യുമ്പോൾ രണ്ടു തരം വിത്തുകൾ ഉപയോഗിച്ചാൽ മികച്ച വിളവ് ഉണ്ടാക്കാനാകുമെന്നും രാജാവ് കളക്ടറോട് പറഞ്ഞു. വേമ്പനാട്, പുന്നമട കായൽ എന്നിവയെക്കുറിച്ചും കായലിന്റെ ചരിത്രത്തെക്കുറിച്ചും രാജാവ് ചോദിച്ചറിഞ്ഞു.


പാടശേഖരത്തിനു സമീപത്ത് പത്ത് മിനിട്ടോളം രാജാവും രാജ്ഞിയും ചെലവഴിച്ചു. ഇരുവരെയും കാണാനായി എസ്.എൻ ജെട്ടിയിൽ തടിച്ചുകൂടിയ പ്രദേശവാസികളെ ബോട്ടിന്റെ മുകൾ തട്ടിലെത്തി അഭിവാദ്യം ചെയ്തു. ജില്ല പൊലീസ് മേധാവി കെ.എം.ടോമി, എ.ഡി.എം എം.വി. സുരേഷ് കുമാർ, ഡെപ്യൂട്ടി കളക്ടർ സന്തോഷ്‌കുമാർ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ്, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.