അമ്പലപ്പുഴ: ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് കാർ യാത്രികരും ബംഗാൾ സ്വദേശികളുമായ മൂന്നു സ്ത്രീകൾ മരിച്ചു. കാർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
മീരാ ബർമൻ, സേവാ ബിശ്വാസ്, ഗീതാ റോയ് എന്നിവരാണ് മരിച്ചത്. ലഷ്മി ബിശ്വാസ്, ഡ്രൈവർ രതീഷ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു അപകടം. ആലപ്പുഴയിൽ നിന്ന് ഹരിപ്പാട്ടേക്കു പോയ ബസും എതിർദിശയിൽ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ബസ് യാത്രക്കാരി തോട്ടപ്പള്ളി ഇല്ലിച്ചിറ വെമ്പാലശ്ശേരി പ്രസാദിന്റെ മകൾ പ്രതിഭയ്ക്ക് (21) നിസാര പരിക്കുണ്ട്. ബന്ധുക്കൾ എത്തിയാൽ മാത്രമേ കാറിലുണ്ടായിരുന്നവരുടെ യാത്രാവിവരം സംബന്ധിച്ച് വിശദമായി അറിയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.