ഹരിപ്പാട്: മണ്ണാറശ്ശാല ആയില്യം മഹോത്സവത്തോടനുബന്ധിച്ച് കാവിലെ പൂജകൾ ആരംഭിച്ചു. 21 മുതൽ 23 വരെയാണ് ഈ വർഷത്തെ ആയില്യം മഹോത്സവം നടക്കുന്നത്.
ക്ഷേത്രത്തിന്റെ വടക്കുള്ള നാഗയക്ഷികാവിലാണ് (പ്രതിഷ്ഠാ കാവ്) പൂജകൾ ആരംഭിച്ചത്. ഇന്ന് എരിങ്ങാടപ്പള്ളികാവിലും തുടർന്നുള്ള ദിവസങ്ങളിൽ ആലക്കോട്ട്കാവിലും പൂജ നടക്കും. കാവ്മാറ്റം വഴി മണ്ണാറശാലയിലെത്തുന്ന നാഗത്താന്മാരുടെ ആലയമാണ് പ്രതിഷ്ഠാ കാവ്. അടുത്ത ദിവസങ്ങളിലായി ക്ഷേത്രത്തിലെ കാവുകളിലെല്ലാം പൂജ നടക്കും. ആയില്യത്തിന് മുൻപ് മണ്ണാറശാലയിലെ നാഗത്താന്മാർക്കെല്ലാം പൂജ നടത്തണമെന്നതാണ് വിശ്വാസം. പുണർതം നാളിലാണ് കാവിലെ പൂജകൾ സമാപിക്കുന്നത്.
ആയില്യം പൂജയ്ക്ക് മുൻപ് രോഹിണി മുതൽ പുണർതം വരെ നാഗരാജാവിനും സർപ്പയക്ഷിക്കും മുഴുക്കാപ്പ് ചാർത്തും. ഇത്തവണത്തെ മുഴുക്കാപ്പ് ദർശനം ഇന്നലെ ആരംഭിച്ചു. പുണർതം നാളായ 21ന് വൈകിട്ട് അഞ്ചിന് നട തുറക്കും. പിന്നാലെ മഹാദീപക്കാഴ്ച. ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ആയിരക്കണക്കിന് വിളക്കുകൾ തെളിച്ചാണ് മഹാദീപക്കാഴ്ച ഒരുക്കുന്നത്. 22നാണ് ദർശന പ്രധാനമായ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തി ചതുശത നിവേദ്യത്തോടെയുള്ള പൂയം നാളിലെ ഉച്ചപൂജ. വൈകിട്ട് 5ന് പ്രസിദ്ധമായ പൂയം തൊഴൽ. 23നാണ് ആയില്യം. പൂയം, ആയില്യം ദിവസങ്ങളിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നു കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ നടത്തും.