a

മാവേലിക്കര: ഭർത്താവ് മരിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ ഭാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിൽ മരിച്ചു.

കല്ലിമേൽ തെങ്ങുവിള പടീറ്റതിൽ ജോർജ് ചെറിയാൻ (കുഞ്ഞുകുഞ്ഞ്–91) കഴിഞ്ഞ 16നു രാത്രിയിലാണ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ മരിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്നലെ ഉച്ചയ്ക്ക് നടത്താനായിരുന്നു തീരുമാനം. ഭർത്താവിന്റെ മരണവിവരം അറിഞ്ഞതുമുതൽ അതീവ ദു:ഖത്തിലായിരുന്നു ഭാര്യ മറിയാമ്മ ചെറിയാൻ (അമ്മിണി-75). നേരം പുലരും മുമ്പ് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് മറിയാമ്മയെ വീട്ടുകാർ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 10 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. മറിയാമ്മ ആശുപത്രിയിൽ ആയതിനാൽ, തിരികെ എത്തിയ ശേഷം അന്ത്യചുംബനം നൽകാനെന്നോണം ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾ ബന്ധുക്കൾ നീട്ടിവച്ചിരുന്നു. പക്ഷേ പ്രിയതമനൊപ്പം മറിയാമ്മയും യാത്രയാവുകയായി. ഇരുവരുടെയും സംസ്കാരം ഇന്ന് രാവിലെ 10.30ന് കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ: ജോർജ് വർഗീസ്, ടി.ജി.തോമസ് (കുവൈറ്റ്), മോളി ബാബു, സൂസൻ തോംസൺ (കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: ലിസി, മേഴ്സി, കെ.എസ്.ബാബു, ടി.തോംസൺ.