ആലപ്പുഴ: ഫൈബർ ഗ്ളാസ് ഉത്പന്നങ്ങളും റെക്സിനും മറ്റും വിൽക്കുന്ന കടയിലെ രാസവസ്തുവിൽ തീ പടർന്ന് ആഡിറ്റോറിയവും കടമുറികളും ഉൾപ്പെടുന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽമൂലം വൻദുരന്തം ഒഴിവായി.

നഗരത്തിന് വടക്ക് മാമ്മൂട് ജംഗ്ഷന് സമീപമുള്ള രാജധാനി ആഡിറ്റോറിയത്തിന്റെ താഴത്തെ നിലയിലുള്ള ദീപം എന്റർ പ്രൈസസിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ട് 2.45നായിരുന്നു സംഭവം. ആഡിറ്റോറിയത്തിന്റെ മുകളിലത്തെ നിലയിലെ ഒരുവശത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകളും വശങ്ങളിലെ ഗ്ളാസുകളും കത്തിനശിച്ചു. കടയിലുണ്ടായിരുന്ന കീറ്റൺ പെറോക്സൈഡ് എന്ന രാസവസ്തുവിൽ നിന്നാണ് തീപടർന്നത്. രാസവസ്തുവിന്റെ സാന്നിദ്ധ്യമാണ് ആളിക്കത്തലിന് വഴിയൊരുക്കിയത്.

ജില്ലാ ഫയർ ഓഫീസർ കെ.ആർ. അഭിലാഷിന്റെ നേതൃത്വത്തിൽ മൂന്നു യൂണിറ്റ് ഫയർഫോഴ്സ് സംഘം ഒരുമണിക്കൂർ കൊണ്ടാണ് തീയണച്ചത്. തീപിടിച്ച കടയുടെ സമീപത്ത് ആളൊഴിഞ്ഞ കടമുറികളുണ്ടായിരുന്നു. ഇവിടേയ്ക്ക് തീപടർന്നില്ല. പിറവം പാഴൂർ ചക്കാലൽ ഹൗസിൽ ജയിംസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മാമൂട് കാർത്തിക നിലയത്തിൽ ബാബുരാജിന്റെ ഉമടസ്ഥതയിലുള്ളതാണ് ആഡിറ്റോറിയവും വ്യാപാര സമുച്ചയവും. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.