തുറവൂർ: സംസ്ഥാനത്തെ എല്ലാ മേഖലകളിലും ഉണർവും വലിയ വികസന മാറ്റങ്ങളും സൃഷ്ടിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി.പുളിക്കലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കുത്തിയതോട് ടൗണിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അഴിമതി ഭരണവും മൂന്നര വർഷത്തെ എൽ.ഡി.എഫ് ഭരണവും ജനം താരതമ്യം ചെയ്യും. ഇടതു സർക്കാർ കേരളത്തെ രാജ്യത്തെതന്നെ ഒന്നാമത്തെ അഴിമതി രഹിത സംസ്ഥാനമാക്കി മാറ്റി. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുകയും വ്യാവസായിക, കാർഷിക, തൊഴിൽ രംഗങ്ങളിൽ ഉണർവേകുകയും ചെയ്തു. ക്ഷേമപെൻഷനുകൾ 600ൽ നിന്ന് 1200 രൂപയാക്കി. സ്റ്റാർട്ടപ്പിലൂടെ നിരവധി പേർക്ക് തൊഴിലേകി. യു.ഡി.എഫ് ഭരണകാലത്തെ ക്ഷേമപെൻഷൻ കുടിശിക മുഴുവൻ വിതരണം ചെയ്തു. എല്ലാവരേയും ചേർത്തു പിടിച്ച് എൽ.ഡി.എഫ് സർക്കാർ മുന്നോട്ടു പോകുകയാണ്. അരൂർ മണ്ഡലത്തിന്റെ വികസനത്തിന് മനു സി.പുളിക്കലിനെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ ടി.പുരുഷോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ, തോമസ് ചാണ്ടി, എം.വി. ശ്രേയാംസ് കുമാർ, ആർ.നാസർ, കെ.രാഘവൻ, കെ.എസ്.പ്രദീപ് കുമാർ, എം.പി. പോളി, സെബാസ്റ്റ്യൻ കല്ലുതറ, വി.എ.തോമസ്, ബി അൻഷാദ്, വി.കെ.അംബർഷൻ, പി.എൻ.ബാബു, എൻ.പി.ഷിബു തുടങ്ങിയവർ സംസാരിച്ചു