അധികം ആയുസില്ലെന്ന് പഠനങ്ങൾ
ചതുപ്പു നിലത്തിനു സമാനമാവുന്നു
ആലപ്പുഴ: മാലിന്യങ്ങളും മണലും അടിഞ്ഞ് ആഴം കുറയുന്ന വേമ്പനാട് കായലിന് അടിയന്തിര 'ചികിത്സ' ലഭ്യമാക്കിയില്ലെങ്കിൽ രണ്ടുപതിറ്റാണ്ടിനുള്ളിൽ കായൽ ചതുപ്പു നിലത്തിനു സമാനമാവുന്ന ദുരന്തം കാണേണ്ടി വരുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. കായലിന്റെ ആഴം കുറയുന്നതിനാൽ ചെറിയ മഴക്കാലത്തു പോലും വെള്ളം കരയിലേക്കു കയറുകയാണ്. നദികളിലൂടെ കായലിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി കായലിനു നഷ്ടമാകുന്നുവെന്നും പഠനത്തിൽ കണ്ടെത്തി.
സ്ഥാപനങ്ങളിൽ നിന്ന് വേമ്പനാട്ടുകായലിലേക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കഴിയുന്നില്ല. കായലിലേക്കു തുറന്നു വയ്ക്കുന്ന മാലിന്യക്കുഴലുകളും ഹൗസ് ബോട്ടുകൾ പുറന്തള്ളുന്ന മാലിന്യങ്ങളും സ്ഥിതി ഗുരുതരമാക്കുന്നു. കാനകളിലെയും ആറുകളിലെയും തോടുകളിലെയും മാലിന്യം അവസാനമായി അടിയുന്നതും വേമ്പനാട്ടു കായലിലാണ്. കായലിന്റെ വിസ്തൃതി കുറയുകയും മാലിന്യം പെരുകുകയും ചെയ്തതോടെ ജല ജീവികൾ വംശനാശ ഭീഷണിയിലായി. കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് അടിയുന്നതു മത്സ്യങ്ങളുടെ നാശത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെ സംബന്ധിക്കുന്ന റാംസർ ഉടമ്പടിയിൽ അതീവ പ്രാധാന്യത്തോടെയാണ് വേമ്പനാട്ട് കായലിനെ പരാമർശിക്കുന്നത്. ഒരുതരത്തിലുള്ള കൈയേറ്റമോ നികത്തലോ പാടില്ലെന്നാണ് റാംസർ ഉടമ്പടിയിലെ വ്യവസ്ഥ.
......................................................
# കായലിന്റെ മരണ റൂട്ട്
1971ൽ വിസ്തൃതി: 227 ച. കിലോ മീറ്റർ
1990ൽ: 213.20 ച. കിലോ മീറ്റർ
1930ൽ തണ്ണീർമുക്കം ഭാഗത്ത് ആഴം: 9 മീറ്റർ
2019ൽ ഇവിടെ: 4.5 മീറ്റർ
.....................
# മത്സ്യ സമ്പത്ത് കുറയുന്നു
കായലിൽ മാലിന്യത്തിന്റെ തോത് ക്രമാതീതമായി വർദ്ധിച്ചതോടെ മത്സ്യസമ്പത്ത് കുറഞ്ഞ് പല മത്സ്യങ്ങളും വംശനാശ ഭീഷണിയിലായി. മുമ്പ് കായലിൽ 150ലേറെ നാടൻ മത്സ്യങ്ങളുണ്ടായിരുന്നു. എന്നാൽ നിലവിൽ വംശനാശഭീഷണിയുള്ള 100ൽ താഴെ നാടൻ മത്സ്യങ്ങളാണ് കാണപ്പെടുന്നത്. കായലിൽ നിറയെ കാണാറുള്ള നീർക്കാക്കകളുടെ എണ്ണവും കുറഞ്ഞു.
..................................
പ്ലാസ്റ്റിക് 4276 ടൺ!
തണ്ണീർമുക്കം- ആലപ്പുഴ ഭാഗത്തു മാത്രം വേമ്പനാട്ടു കായലിന്റെ അടിത്തട്ടിൽ ചുരുങ്ങിയത് 4276 ടൺ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കുഫോസ് പഠനം. ഈ ഭാഗത്തെ കായലിന്റെ വിസ്തീർണം 76.5 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും ശരാശരി 55.9 ടൺ പ്ലാസ്റ്റിക് മാലിന്യമുണ്ട്.
...................................
മത്സ്യത്തൊഴിലാളികൾ വലയുന്നു
ഹൗസ് ബോട്ട് മാലിന്യവും ജലവാഹനങ്ങളിൽ നിന്നുള്ള എണ്ണയും കായലിലെ വെള്ളത്തിൽ കലരുന്നത് മത്സ്യസമ്പത്തിനെയും തൊഴിലാളികളെയും ബാധിക്കുന്നു. എണ്ണ കൂടുതലായി കലരുന്ന ഭാഗത്ത് പലപ്പോഴും മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപൊങ്ങാറുണ്ട്. പാടശേഖരങ്ങളിൽ നിന്നു രാസവളവും കീടനാശിനിയും കലർന്ന വെള്ളം കായലിലെത്തുന്നതും മലിനീകരണത്തിന്റെ മറ്റൊരു കാരണമാണ്. കായലിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ തൊണ്ട് ചീയാനിടുന്നതും മലിനീകരണത്തിനിടയാക്കുന്നു. ബണ്ടിന്റെ ഷട്ടറുകൾ അടച്ചിടുന്ന സമയത്താണ് കായൽ ഏറെ ദുഷിക്കുന്നത്. ഒഴുക്ക് നിലച്ച് കായലിൽ മാലിന്യം അടിഞ്ഞു കൂടുന്നതോടെ വെള്ളത്തിന്റെ നിറം തന്നെ മാറുന്നു.
..............................
വേമ്പനാട്ട് കായൽ (തണ്ണീർമുക്കം-ആലപ്പുഴ)
വിസ്തീർണം: 76.5 ചതുരശ്ര കിലോമീറ്റർ
ആഴം: 4.5 മീറ്റർ
പ്ലാസ്റ്റിക് മാലിന്യം: 4276 ടൺ
മത്സ്യ ഇനങ്ങൾ: 100ൽ താഴെ