ചേർത്തല: പിന്നാക്ക സംവരണം നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ കക്ഷി ചേരാൻ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
ഈഴവ സമുദായത്തിൽപ്പെട്ടവർ പിന്നാക്ക വർഗമല്ലാതായി മാറിയെന്നും നായർ സമുദായം പിന്നാക്കക്കാരായെന്നും സർക്കാർ ജോലികളിൽ പല മേഖലകളിലും സമുദായത്തിന് പ്രാതിനിദ്ധ്യം പൂജ്യമാണെന്നുമാണ് എൻ.എസ്.എസിന്റെ ഹർജിയിൽ പറയുന്നത്. ഇതിനെതിരെയാണ് യോഗം കക്ഷി ചേരുന്നത്. എൻ.എസ്.എസിന്റെ വാദം നരേന്ദ്രൻ കമ്മിഷൻ റിപ്പോട്ടിന്റെ കണ്ടെത്തലിന് കടക വിരുദ്ധമാണ്. 14 ശതമാനം സംവരണം ഉണ്ടായിട്ടുപോലും ഈഴവ സമുദായത്തിന് മതിയായ പ്രാതിനിദ്ധ്യം കിട്ടിയിട്ടില്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.
ദേവസ്വം ബോർഡിൽ 98.4 ശതമാനം പേരും മുന്നാക്കക്കാരായിട്ടും സാമ്പത്തിക സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി 9 അംഗ ബെഞ്ച് വിധിച്ചെങ്കിലും മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും സുപ്രീംകോടതിയുടെ വിധിക്കും വിരുദ്ധമാണെന്ന് ഡയറക്ടർ ബോർഡ് യോഗം കുറ്റപ്പെടുത്തി. ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യോഗം സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. പ്രീ മെട്രിക് സ്കോളർഷിപ്പ് നടപ്പാക്കുന്നതിൽ ഒ.ബി.സി വിദ്യാർത്ഥികളോട് കാട്ടുന്ന വിവേചനം സർക്കാർ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചേർത്തല ട്രാവൻകൂർ പാലസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ.എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ലീഗൽ അഡ്വൈസർ അഡ്വ.എ.എൻ.രാജൻബാബു എന്നിവർ സംസാരിച്ചു.