ആലപ്പുഴ: അരൂരിൽ മനു സി.പുളിക്കൽ വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൽ.ഡി.എഫ് വിലയിരുത്തൽ. മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് വിജയക്കുതിപ്പിന് ആക്കം കൂട്ടിയതെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
സി.പി.എം സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയ എം.വി.ഗോവിന്ദൻ ഇന്നലെ കണ്ണൂരിലേക്ക് മടങ്ങി. ഇനിയുള്ള ചുമതല പൂർണ്ണമായും ജി. സുധാകരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഇതിനായി മണ്ഡലത്തിനു പുറത്ത് ക്യാമ്പ് ചെയ്തുകൊണ്ട് അദ്ദേഹം പ്രവർത്തനങ്ങൾ നിയന്ത്രിക്കും. മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച 14 പാലങ്ങളും റോഡുകളും എൽ.ഡി.എഫിന് അനുകൂല വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി രണ്ട് ദിവസം ക്യാമ്പ് ചെയ്ത് ആറ് പൊതുയോഗങ്ങളിൽ വികസന പ്രശ്നങ്ങൾ അവതരിപ്പിച്ചതും എൽ.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസമേകി. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന അരൂരിൽ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, അരൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സജി ചെറിയാൻ, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി.ബി.ചന്ദ്രബാബു, സി.പി.എെ ജില്ലാ കൗൺസിൽ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവരുടെ പ്രവർത്തനങ്ങളും ചിട്ടയായ മുന്നേറ്റത്തിന് വേഗം കൂട്ടി. എൽ.ഡി.എഫ് പ്രവർത്തകരും സ്ഥാനാർത്ഥിയും രാപകലില്ലാതെ പ്രവർത്തിച്ചു. ഇതിൻെറ ഫലമായി മഹത്തായ വിജയം നേടി മനു സി. പുളിക്കൽ നിയമസഭയിലെത്തുമെന്നും ജി. സുധാകരൻ പറഞ്ഞു.