മാവേലിക്കര: കുട്ടിപ്പൊലീസ് പ്രവർത്തനങ്ങൾക്കായി നഗരസഭ അനുവദിച്ച തുക അക്കൗണ്ട് മാറ്റി വിനിയോഗിച്ചെന്ന പരാതിയിൽ വിജിലൻസ് സംഘം മാവേലിക്കര ഗവ.ഗേൾസ് സ്കൂളിൽ പരിശോധന നടത്തി. ഇന്നലെ രാവിലെ 10.30നാണു വിജിലൻസ് സി.ഐ എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തിയത്.
2017സെപ്റ്റംബറിൽ എസ്.പി.സി പ്രവർത്തനങ്ങൾക്കായി മാവേലിക്കര നഗരസഭ 25,000 രൂപ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന് നൽകിയിരുന്നു. നഗരസഭ നൽകിയ തുക സ്കൂൾ പ്രിൻസിപ്പൽ എസ്.പി.സിയുടെ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാതെ സ്കൂളിന്റെ പേരിലുള്ള അക്കൗണ്ടിൽ ഇട്ടു. കെ.ജെ.പീറ്റർ സി.ഐ ആയിരുന്ന കാലത്ത് ഇതു കണ്ടെത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെ 2018 നവംബർ 2ന് 25,000 രൂപ എസ്.പി.സി അക്കൗണ്ടിലേക്ക് തിരികെയിട്ടു.

ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണു വിജിലൻസ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. എസ്.പി.സിക്ക് അനുവദിച്ച തുക അക്കൗണ്ടിൽ നിക്ഷേപിക്കാതെ എന്തിന് ഉപയോഗിച്ചു എന്ന് വ്യക്തമല്ലെന്നും പ്രിൻസിപ്പലിന്റെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിലെ തുക വിനയോഗം സംബന്ധിച്ച രേഖകളും വൗച്ചറും കൃത്യമല്ലെന്ന് കണ്ടെത്തിയതായും വിജിലൻസ് സി.ഐ പറഞ്ഞു.