ambala

അമ്പലപ്പുഴ: തകഴി, നെടുമുടി, അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങളിലുള്ളവർ വേലിയേറ്റവും തുലാമഴയിലെ വെള്ളക്കെട്ടും മൂലം ദുരിതത്തിലായി.

നിരവധി വീടുകളാണ് ഈ പ്രദേശങ്ങളിൽ വെള്ളത്തിലായത്. ഓണം മുതൽ വെള്ളക്കെട്ടിൽ തുടരുന്ന പല വീടുകളും പ്രദേശത്തുണ്ട്. കരകൃഷിയേയും, പച്ചക്കറി, വാഴ തുടങ്ങിയ കൃഷികളെയും വെള്ളക്കെട്ട് ബാധിച്ചതിനാൽ കൃഷിക്കാരും ദുരിതത്തിലാണ്. മാലിന്യം കലർന്ന ജലം വീടിന്റെ പരിസരങ്ങളിൽ കെട്ടിക്കിടക്കുന്നത് മൂലം പകർച്ചപ്പനിയും വ്യാപകമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. തോട്ടപ്പള്ളി സ്പിൽ വെ, തണ്ണീർമുക്കം എന്നിവിടങ്ങളിൽ നിന്ന് ഓരുവെള്ളം ശക്തമായി കയറുന്നത് കൃഷിയെ ബാധിക്കുമെന്ന ഭീതിയിലാണ് കർഷകർ.