ചാരുംമൂട്: അമ്മയുടെ വഴിവിട്ട ജീവിതത്തെ ചോദ്യം ചെയ്യുന്നതിനാൽ വീട്ടിൽ മർദ്ദനം പതിവായതോടെ 16 വയസുകാരി സ്കൂളിൽ അഭയം തേടി. കുട്ടിയിൽ നിന്ന് വിവരം ശേഖരിച്ച സ്കൂൾ അധികൃതർ കാര്യങ്ങൾ ചൈൽഡ് ലൈനിൽ അറിയിക്കുകയും അവരുടെ പരാതിയെത്തുടർന്ന് അമ്മയ്ക്കെതിരെ നൂറനാട് പൊലീസ് കേസെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ അമ്മ ഒളിവിലാണ്.
താമരക്കുളം സ്വദേശിനി പ്രസന്നക്കെതിരെയാണ് പരാതി. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് വീടുവിട്ടു പോയ ശേഷം രണ്ടു പെൺമക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. അമ്മയുടെ ക്രൂരമർദ്ദനം ഭയന്നാണ് സ്കൂൾ വിട്ടിട്ടും വീട്ടിൽപോവാൻ കൂട്ടാക്കാതെ കുട്ടി അവിടെത്തന്നെ നിന്നത്. സംശയം തോന്നിയ അദ്ധ്യാപകർ ചോദിച്ചപ്പോഴാണ് വീട്ടിലെ വിവരങ്ങൾ കുട്ടി പറഞ്ഞത്. തുടർന്ന് അദ്ധ്യാപകർ ആലപ്പുഴയിലെ ചൈൽഡ് ലൈൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ കോൺവെന്റിൽ താമസിപ്പിച്ചിരിക്കുകയാണ്. ഒളിവിൽ പോയ പ്രസന്നയെ തെരയുകയാണെന്ന് നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജു പറഞ്ഞു.