ആലപ്പുഴ: വികസന നേട്ടത്തിനുള്ള വിധിയെഴുത്താകും അരൂരിൽ ഉണ്ടാവുകയെന്ന് എൽ.ഡി.എഫ് വിലയിരുത്തൽ. മനു സി.പുളിക്കൽ വിജയിക്കുമെന്ന തികഞ്ഞ അത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. വിവിധ സമുദായങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ചില പ്രശ്നങ്ങൾ ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉണ്ടായെങ്കിലും ജില്ലയിൽ എല്ലാവരുമായും യോജിപ്പുണ്ടാക്കി മുന്നോട്ടു പോകാൻ നേതൃത്വത്തിന് കഴിഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ മുതിർന്ന അംഗവും ജില്ലയുടെ സ്പന്ദനം അറിയാവുന്ന മന്ത്രിയുമായ ജി.സുധാകരന്റെ ഇടപെടലുകളാണ് സമന്വയം സാദ്ധ്യമാക്കിയത്. യുവ നേതാവെന്നതും യാതൊരു വിധ ആരോപണങ്ങളും ഉയരാത്ത ആളെന്നതും മനു സി.പുളിക്കലിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. പഴുതടച്ച പ്രചാരണ പ്രവർത്തനമാണ് നടത്തിയതെന്നു നേതൃത്വം വിലയിരുത്തുന്നു. ജി. സുധാകരന്റെ നേതൃത്വത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സജി ചെറിയാൻ, സി.ബി.ചന്ദ്രബാബു, സി.എസ്.സുജാത , സി.പി.ഐ നേതാക്കളായ ടി.ജെ.ആഞ്ചലോസ്, മന്ത്രി പി. തിലോത്തമൻ, എം.കെ. ഉത്തമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാനവട്ട പ്രവർത്തനത്തിലായിരുന്നു രണ്ട് ദിവസമായി എൽ.ഡി.എഫ് കേന്ദ്രങ്ങൾ.