ജില്ലയിൽ ഇന്ന് ഒാറഞ്ച് അലർട്ട്
ആലപ്പുഴ: പ്രളയഭീതി പരത്തിക്കൊണ്ട് ഞായറാഴ്ച രാത്രിയും ഇന്നലെയും പെയ്ത കനത്തമഴയിൽ കുട്ടനാട് ഉൾപ്പെടെ ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കൊയ്ത്തിനു പാകമായി നിന്ന നെൽച്ചെടികൾ കർഷകർക്ക് കണ്ണീർ കാഴ്ചകളാവുകയാണ്.
കുട്ടനാട്ടിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും 20 ദിവസത്തിനുള്ളിൽ കൊയ്ത്ത് നടക്കാനിരിക്കെയാണ് പ്രതീക്ഷകൾക്കു മീതേ മഴ വീണത്. വെള്ളം കരകവിഞ്ഞ് ഒഴുകുന്നതും നെല്ല് വീണ് കിടക്കുന്നതും കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. തുലാവർഷം ഇനിയും തകർത്താൽ വ്യാപകമായ കൃഷിനാശത്തിനും സാദ്ധ്യതയുണ്ട്. പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. വെള്ളം പൊങ്ങുന്നതിനനുസരിച്ച് ബണ്ടിന്റെ ഉയരം കൂട്ടാനാവില്ല. മണൽചാക്ക് അടുക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ മണൽ ക്ഷാമം വളരെ രൂക്ഷമാണ്.
മഴ ശക്തമാകുന്നതിന് മുമ്പ് വിളവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കർഷകരും കൃഷിവകുപ്പും. പക്ഷേ, പാടശേഖരങ്ങളിലെ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിയുംപോലെ വെള്ളം വറ്റിക്കാനുള്ള പെടാപ്പാടിലാണ് കർഷകർ. പൊന്നാട് പെരുന്തുരുത്ത് കരി പാടശേഖരത്തിൽ വിളവെടുക്കുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ 200 ഏക്കറോളം വരുന്ന നെൽകൃഷി പൂർണമായും നശിച്ച നിലയിലാണ്. രാമരാജപുരം കായൽ നിലം, മംഗലം മാണിക്യ മംഗലം, നീലംപേരൂർ കിളിയകാവ് എന്നീ പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി. കൈനകരി പഞ്ചായത്തിലെ പാടശേഖരങ്ങൾ വെള്ളത്തിലാണ്. കൊമ്പൻകുഴി, കരിവേലി പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലും. കൈനകരിയിൽ പാടശേഖര ബണ്ടുകൾക്ക് പുറമേയുള്ള സ്ഥലങ്ങളിലും വെള്ളംകയറി. നിലവിൽ 14 കൊയ്ത്ത് യന്ത്രങ്ങൾ കുട്ടനാട്ടിലെ പാടശേഖരങ്ങളിലുണ്ട്. പാടത്ത് വെള്ളം നിറയുന്നത് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ തടസമുണ്ടാക്കുന്നു.
കുട്ടനാട്ടിൽ സാധാരണ നിലയിൽ നിന്ന് രണ്ടര അടി വെള്ളം ഉയർന്നു. രണ്ടാഴ്ചയ്ക്കകം കൊയ്ത്ത് നടക്കേണ്ട പാടങ്ങളിലൊക്കെ നെൽചെടികൾ നിലംപൊത്തി. പെയ്ത്ത് വെള്ളത്തിനൊപ്പം കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാണെങ്കിലും കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ കടലിലേക്കുള്ള ഒഴുക്ക് നിലച്ചിരിക്കുകയാണ്. കടൽ ക്ഷോഭിച്ചതോടെ തീരദേശവും ആശങ്കയിലാണ്. ജില്ലയിൽ ഇന്ന് ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ ലജനത്തുൽ മുഹമ്മദൻസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇന്നലെ റെഡ് അലർട്ടായിരുന്ന ജില്ലയിൽ 71.26 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇന്ന് മണിക്കൂറിൽ 40 കി.മീ വേഗമുള്ള കാറ്റിനു സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ഗതാഗതം വെള്ളത്തിൽ
ആലപ്പുഴ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരത്തിൽ തിരുമല, ചുങ്കം, പള്ളാത്തുരുത്തി, ആലിശേരി, വലിയമരം ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. കാനകൾ പലതും മാലിന്യം നിറഞ്ഞ് അടഞ്ഞതിനാൽ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു.
ആലപ്പുഴ- ചങ്ങനാശേരി റോഡിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടെങ്കിലും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്. ട്രെയിൻ ഗതാഗതം തടസപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. പല ട്രെയിനുകളും വൈകിയാണ് ആലപ്പുഴയിൽ എത്തിയത്. അമ്പലപ്പുഴ- തിരുവല്ല റോഡിൽ പല ഭാഗങ്ങളും വെള്ളത്തിലായതോടെ ഗതാഗതക്കുരുക്കുമുണ്ട്.
തോട്ടപ്പള്ളി സ്പിൽവേയിൽ 29 ഷട്ടറുകൾ ഉയർത്തി. ബാക്കി ഷട്ടറുകൾ ഉയർത്താൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കാലവർഷത്തിനു മുന്നോടിയായി മുറിച്ച പൊഴി ഭാഗികമായി അടഞ്ഞത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
...................
കൺട്രോൾ റൂം തുറന്നു
ജില്ലയിൽ തുലാവർഷക്കെടുതിയെത്തുടർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറേറ്റിലും താലൂക്ക് ഓഫീസിലും 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 0477 -1077 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാം.
കളക്ടറേറ്റ് കൺട്രോൾ റൂം: 9495003640, 0477 2238630, 2236831.
..............................................
# താലൂക്ക് അടിസ്ഥാനത്തിൽ
ചേർത്തല : 0478- 2813103
അമ്പലപ്പുഴ : 0477- 2253771
കുട്ടനാട് : 0477 -2702221
കാർത്തികപ്പള്ളി: 0479 -2412797
മാവേലിക്കര : 0479- 2302216
ചെങ്ങന്നൂർ : 0479 2452334
........................................