ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയിൽ ഇന്ന് ഭക്ത സഹസ്രങ്ങൾ പൂയം തൊഴാനെത്തും. രാവിലെ 9.30 മുതൽ സർപ്പയക്ഷിയമ്മയുടെയും നാഗരാജാവിന്റെയും ശ്രീകോവിലുകളിൽ ചതുശ്ശത നിവേദ്യത്തിന് ശേഷം തിരുവാഭരണം ചാർത്തി നടത്തുന്ന പൂയം നാളിലെ ഉച്ചപൂജ ദർശന പ്രധാനമാണ്.
വൈകിട്ട് 5നാണ് പൂയംതൊഴൽ.
ഇന്നലെ നടന്ന മഹാദീപക്കാഴ്ചയോടെയാണ് ഇത്തവണത്തെ ആയില്യം മഹോത്സവത്തിന് തുടക്കമായത്. ക്ഷേത്രകലകളിലെ പ്രഗല്ഭരായ പി.കെ. നാരായണൻ നമ്പ്യാർ, പി.ആർ. കുമാരകേരളവർമ്മ, കലാമണ്ഡലം വാസു പിഷാരടി, നിർമ്മല പണിക്കർ എന്നിവർക്ക് എട്ടാമത് നാഗരാജ പുരസ്കാരം സമർപ്പിച്ചു.
ആയില്യം നാളായ നാളെ പുലർച്ചെ 4ന് നടതുറക്കും. എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. 23ന് രാവിലെ 10 മുതൽ മണ്ണാറശാല യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് നടക്കും. ക്ഷേത്ര നടയിലെ സേവയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.30ന് സർപ്പംപാട്ട് തറയിലും മേളവാദ്യസേവ നടക്കും.