അമ്പലപ്പുഴ: ഇടമുറിയാതെ പെയ്ത മഴയിൽ അമ്പലപ്പുഴയിലെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ദേശീയപാതയോരത്തെ സ്ഥാപനങ്ങളും വീടുകളും നിരവധി സ്കൂളുകളും വെള്ളത്തിലായതോടെ ജനജീവിതം ദുസഹമായി.
അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്കുഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായത് വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കി. വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാനാവാത്ത സ്ഥിതിയാണ് . വ്യാപാരികളും നാട്ടുകാരും ഇന്നലെ രാവിലെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത ഉപരോധിച്ചു. അമ്പലപ്പുഴ പൊലീസെത്തി ഉപരോധക്കാരെ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. റോഡ് പുനർനിർമ്മിച്ചപ്പോൾ ഉയരം വർദ്ധിച്ചതാണ് പ്രദേശം വെള്ളക്കെട്ടാകാൻ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം. .
പുറക്കാട്, അമ്പലപ്പുഴ, കരുമാടി, തകഴി, കഞ്ഞിപ്പാടം, പുന്നപ്ര തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്. ഖരമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ചേർന്ന മലിനജലം പരിസരങ്ങളിലും റോഡിലൂടെയുമൊഴുകുന്നത് പകർച്ചവ്യാധി ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.