loksabha-election

ആലപ്പുഴ: മഴ തകർത്തുപെയ്ത്, ബൂത്തുകളിൽ വെള്ളം കയറിയിട്ടും തണുക്കാത്ത ആവേശത്തിൽ അരൂരിൽ 80.47 ശതമാനം പേർ വോട്ട് ചെയ്തു. ഞായറാഴ്ച രാത്രി തുടങ്ങിയ പെരുമഴ ഇന്നലെ ഉച്ചവരെ നീണ്ടപ്പോൾ പോളിംഗിനെ ബാധിക്കുമോ എന്ന ആശങ്കയായിരുന്നു. രാവിലെ പോളിംഗ് മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചയ്ക്ക് രണ്ടു മണിയോടെ മഴ മാറിയപ്പോൾ വോട്ടെടുപ്പിന് ചൂടുപിടിച്ചു. വെള്ളക്കെട്ട് നീന്തിക്കടന്നു പോലും വോട്ടർമാരെത്തി. കാക്കത്തുരുത്ത് ദ്വീപ് വെള്ളത്തിൽ മുങ്ങി. ഇവിടെയുള്ളവരുടെ ബൂത്ത് വെള്ളത്തിനക്കരെ എരമല്ലൂരിലായിരുന്നു.

വൈകിട്ട് ആറിന് പോളിംഗ് അവസാനിച്ചപ്പോഴും ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായിരുന്നു. അരൂർ എൻ.എസ്.എസ് ഹാളിലെ ബൂത്തിൽ ‌‌ആറു മണി കഴിഞ്ഞപ്പോൾ 200 പേരും മണപ്പുറം സെന്റ് തേരേസ ബൂത്തിൽ 150 പേരും വാേട്ട് ചെയ്യാനുണ്ടായായിരുന്നു. ഇവർക്കെല്ലാം വോട്ട് ചെയ്യാൻ ടോക്കൺ നൽകി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പോളിംഗ് 2009 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിലായിരുന്നു. കൂടുതൽ 2016 നിയമസഭാ തിരഞ്ഞെടുപ്പിലും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമാേൾ ഉസ്മാൻ അരൂരിൽ 648 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.