അരൂരിൽ നാളെ വോട്ടെണ്ണൽ
നെഞ്ചിടിപ്പോടെ നേതാക്കൾ
ആലപ്പുഴ: അരൂരിലെ അങ്കം കഴിഞ്ഞതോടെ, വോട്ടിട്ടവരുടെ കണക്കെടുക്കുകയാണ് നേതാക്കൾ. കൂട്ടുന്നു, ഗുണിക്കുന്നു, ഹരിക്കുന്നു, ഇടയ്ക്ക് എല്ലാം തെറ്റുന്നു, തെറിക്കുന്നു... അടുത്തു നിന്നാൽ കേൾക്കാം ചങ്കിടിപ്പിന്റെ ശബ്ദം. പൂരപ്പറമ്പിലെന്ന പോലെ നിറഞ്ഞു തുളുമ്പി നിൽക്കുകയാണ് നേതാക്കളുടെ മനസ്. കണക്കിലെ ശരിതെറ്റുകൾ പറഞ്ഞ് മുന്നണികളുടെ അമരക്കാർ സംസാരിക്കുന്നു...
ഷാനിമോൾ ഉസ്മാൻ വിജയിക്കും
'യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാൻ വിജയിക്കും. ഭൂരിപക്ഷം എത്രയെന്ന് പറയുന്നില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ പിന്തുണ അരൂരിലെ സ്ത്രീവോട്ടർമാർ നൽകി. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പെരുമ്പളം പഞ്ചായത്തിൽ പ്രത്യേകം കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനത്തിൽ 8 ബൂത്തുകളിൽ പോളിംഗ് ശതമാനം വർദ്ധിപ്പിച്ചു. സ്ഥാനാർത്ഥി നയിച്ച പദയാത്ര വോട്ടർമാരിൽ വലിയ സ്വാധീനം ഉണ്ടാക്കി. മന്ത്രിമാർ കയറിയ വീടുകൾ മുഴുവൻ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും കയറി തങ്ങൾക്ക് അനുകൂലമാക്കി. വയലാർ രവി, എ.കെ.ആന്റണി എന്നിവർക്ക് സ്വാധീനമുള്ള വ്യക്തികളെ നേരിലും ഫോണിലൂടെയും ബന്ധപ്പെട്ട് വോട്ട് ഉറപ്പിച്ചു. പാണാവള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലും ഇതേ പ്രവർത്തനം നടത്തി. മികച്ച സംഘടനാവർക്ക് വിജയത്തിന് വഴിയോരുക്കും. സി.പി.എമ്മിലെ പുറത്തു കാണാത്ത വിഭാഗീയത ഷാനിമോൾക്ക് അനുകൂലമാകും. തീരുമാനം എടുത്തെങ്കിലും 3000 പുതിയ വോട്ടർമാരെ ചേർക്കാൻ കഴിയാത്തത് സി.പി.എമ്മിലെ വിഭാഗീയതയാണ്. 1000 കോടി രൂപയുടെ വികസനം പൊള്ളയാണെന്ന് ആന്റണിയും ഉമ്മൻചാണ്ടിയും തുറന്ന് കാട്ടി. ഈഴവ സമുദായത്തിന് മേൽകൈയുള്ള മണ്ഡലത്തിൽ യു.ഡി.എഫിനോട് ശത്രുതാ മനോഭാവം യോഗം ജനൽ സെക്രട്ടറി സ്വീകരിച്ചിട്ടില്ല. ബി.ജെ.പിക്ക് പരമ്പരാഗതമായി ലഭിച്ച വോട്ടുകൾ മാത്രമേ അവർക്ക് ലഭിക്കുകയുള്ളു'
പി.ടി.തോമസ് എം.എൽ.എ (യു.ഡി.എഫ് തിരഞ്ഞെടുപ്പ് ചുമതലക്കാരൻ)
........................................
എൽ.ഡി.എഫ് വൻ വിജയം നേടും
വ്യക്തമായ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി.പുളിക്കൽ വിജയിക്കും. തിരഞ്ഞെടുപ്പിനുശേഷം നടത്തിയ വിലയിരുത്തലിൽ വിജയം ഉറപ്പാണ്. ഭൂരിപക്ഷം എത്രയെന്ന് പറയുന്നില്ല. പോളിംഗ് ശതമാനത്തിലെ കുറവ് എൽ.ഡി.എഫിനെ ബാധിക്കില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം എൽ.ഡി.എഫിന് അനുകൂലമാണ്. വർഗീയ ശക്തികളെ എതിർക്കാൻ എൽ.ഡി.എഫിന്റെ മതേതര പ്രവർത്തനങ്ങൾക്കേ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടവും അതിലൂടെ അരൂരിൽ ഉണ്ടായ വികസനവും ജനങ്ങളെ ബോദ്ധ്യപ്പെടുത്തി വോട്ടാക്കിമാറ്റുന്ന പ്രവർത്തനം നടത്തി. അരൂരിന്റെ വികസനത്തുടർച്ചയ്ക്ക് എൽ.ഡി.എഫ് ആണ് നല്ലതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഉപതിരഞ്ഞെടുപ്പായതിനാൽ സി.പി.എമ്മിന്റെ പരിചയ സമ്പന്നരായ നേതാക്കൾക്ക് പ്രത്യേക ചുമതല നൽകി ചിട്ടയായ സംഘടനാ പ്രവർത്തനവും പ്രചാരണവും നടത്തി. വോട്ടെടുപ്പ് ദിനത്തിൽ പ്രതികൂല കാലാവസ്ഥയിലും വോട്ടർമാരെ ബൂത്തിൽ എത്തിച്ച് വോട്ട് ചെയ്യിക്കുന്നതിൽ പ്രവർത്തകർ പ്രത്യേകം ശ്രദ്ധചെലുത്തി. തീർത്തും അനുകൂലമാണ് ഘടകങ്ങൾ. പ്രതീക്ഷകൾക്കപ്പുറത്തേക്ക് ഭൂരിപക്ഷം കടക്കും. അതിന് ഒരു സംശയവും വേണ്ട.
സി.ബി.ചന്ദ്രബാബു (സെക്രട്ടറി, എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി, അരൂർ)
..........................................
എൻ.ഡി.എയ്ക്ക് വോട്ട് വർദ്ധിക്കും
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ.പി. പ്രകാശ്ബാബു ഇത്തവണ അരൂർ മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കും. കഴിഞ്ഞ നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് നേടും. ഇത്തവണ 35,000 വോട്ടിൽ കുറയാതെ ലഭിക്കും. അരൂർ എം.എൽ.എ പറയുന്ന വികസന നേട്ടം പച്ചയായ കള്ളമാണെന്ന് വോട്ടർമാരെ ബോദ്ധ്യപ്പെടുത്തി. അരൂരിലെ ഗ്രാമീണ മേഖലയിൽ വികസനം എത്തിയിട്ടില്ല. കാക്കത്തുരുത്തിൽ പാലം എന്ന പ്രഖ്യാപനത്തിന്റെ കള്ളത്തരം തുറന്നുകാട്ടാൻ കഴിഞ്ഞു. പീലിംഗ്, മത്സ്യസംസ്കരണ മേഖലകളിലെ തൊഴിലാളികളെ ദുരിതത്തിലാക്കിയ എൽ.ഡി.എഫിന്റെ നയങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തി. ഭൂരിപക്ഷ സമുദായത്തെ അവഗണിച്ചാണ് എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥിയെ നിറുത്തിയത്. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ എൻ.ഡി.എയ്ക്ക് അനുകൂലമാകും. മണ്ഡലത്തിലെ 183 ബൂത്തുകളിലും ചിട്ടയായ സംഘടനാ പ്രവർത്തനം നടത്തി. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ മണ്ഡലത്തിൽ എത്തിച്ച് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുന്ന പദ്ധതികൾ നടപ്പാക്കുമെന്ന പ്രചാരണത്തിന് മുന്തിയ പരിഗണന നൽകി'
വെളിയാകുളം പരമേശ്വരൻ (ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ്)