ആലപ്പുഴ: പുന്നമടക്കായൽ പോലെ ആലപ്പുഴയുടെ മനസ് ശാന്തമായൊഴുകുകയാണ്. നാളെ രാവിലെ വോട്ടെണ്ണൽ തുടങ്ങുന്നതുവരെ അതങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.

ആര് ജയിക്കുമെന്ന വിലയിരുത്തലായിരുന്നു ഇന്നലെ എങ്ങും. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. കിട്ടാവുന്ന വോട്ടുകളുടെയും ചോർന്ന വോട്ടുകളുടെയും വിലയിരുത്തൽ. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വോട്ടെണ്ണുന്ന ദിവസം വരെ ഷോർട്ട് ബ്രേക്കാണ്. ആകാംക്ഷ നിറയ്ക്കുന്ന ദിവസങ്ങൾ.

വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി.പുളിക്കൽ പറയുന്നത്. ജയിക്കുമെന്നതിൽ തർക്കമില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമാേളുടെ വിലയിരുത്തൽ. എൻ.ഡി.എ സ്ഥാനാർത്ഥി പ്രകാശ്ബാബുവും വിജയ പ്രതീക്ഷയിലാണ്.

മഴ ആർക്ക് അനുകൂലമാകുമെന്നതാണ് പ്രവർത്തകരെ കുഴയ്ക്കുന്നത്. 80 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പവും നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പവും നിന്ന അനുഭവമാണ് മുൻകാലങ്ങളിലുണ്ടായിട്ടുള്ളത്. അത് ആവർത്തിക്കുമോ, പുതിയ ചരിത്രം സൃഷ്ടിക്കുമോ എന്നുള്ളതാണ് ഈ തിരഞ്ഞെടുപ്പിലെ ചോദ്യം.

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ ശ്രദ്ധേയമായ മണ്ഡലമായിരുന്നു അരൂർ. ഇവിടത്തെ വിധിയെഴുത്തിന് അതുകൊണ്ട് തന്നെ രാഷ്ട്രീയകേരളം വലിയ പ്രാധാന്യമാണ് നൽകുന്നത്. അരൂരിന്റെ മനസ് ആർക്കും വായിച്ചെടുക്കാനാകുന്നില്ല. മുൻവർഷങ്ങളിൽ കിട്ടിയതിനേക്കാൾ വോട്ട് കൂടുമോ കുറയുമോ എന്നാണ് ഓരോ മുന്നണിയും വിലയിരുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. അന്ന് ഇളക്കി മറിച്ച പ്രചാരണത്തിന്റെ ചൂടും ചൂരും കെട്ടടങ്ങുന്നതിന് മുമ്പേ നടന്ന തിരഞ്ഞെടുപ്പിൽ വികാരം ഏത് രീതിയിലായിരിക്കും പ്രതിഫലിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.