ആലപ്പുഴ: അരൂരിൽ തങ്ങളുടെ 'വിധി' വരാൻ ഒരു പകലിരവ് ദൂരം മാത്രം ബാക്കി നിൽക്കെ, സ്ഥാനാർത്ഥികൾ ഇന്നലെയും തിരക്കിലായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി.പുളിക്കൽ വയലാർ സമര ഭൂമിയിലും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ പാർട്ടി ഓഫീസിലും എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബു സ്വദേശമായ കോഴിക്കോട്ടും വിവിധ പരിപാടികളിൽ പങ്കെടുത്തു.
മനു സജീവം
എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി.പുളിക്കൽ ഇന്നലെ മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. രാവിലെ സി.പി.എം അരൂർ ഏരിയ കമ്മിറ്റി ഓഫീസിലെത്തി പാർട്ടി നേതാക്കളും പ്രവർത്തകരുമായി ആശയവിനിമയം നടത്തി. തുടർന്ന് വയലാർ, തൈക്കാട്ടുശേരി എന്നിവടങ്ങളിലെ ചില മരണവീടുകളിൽ എത്തി അനുചോനം അറിയിച്ചു. പുന്നപ്ര വയലാർ വാരാചരണത്തിന്റെ ഭാഗമായി വൈകിട്ട് മേനാത്തേരിയിലെ യോഗത്തിലും വയലാറിലെ പതാക ഉയർത്തൽ ചടങ്ങിലും പങ്കെടുത്തു.
പാർട്ടി ഓഫീസിൽ ഷാനി
തൊണ്ടവേദനയെ തുടർന്ന് ഇന്നലെ ഉച്ചവരെ ഷാനിമോൾ അരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. വൈകിട്ട് പാർട്ടി ഓഫീസിൽ വാർത്താ സമ്മേളനം. തുടർന്ന് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്തു. പിന്നീട് തൈക്കാട്ടുശേരി, അരൂക്കുറ്റി, വയലാർ എന്നിവിടങ്ങളിലെ മരണ വീടുകൾ സന്ദർശിച്ചു. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരുമായി ആശയവിനിമയം.
പ്രകാശ് ബാബു നാട്ടിൽ
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബു ഇന്നലെ രാവിലെ സ്വദേശമായ കോഴിക്കോട്ട് എത്തി.
ഒരു മാസമായി ആലപ്പുഴയിലായിരുന്നു. തിരഞ്ഞെടുപ്പു കാരണം പോകാൻ കഴിയാതിരുന്ന 13 മരണ വീടുകളിലാണ് അനുശോചനം അറിയിച്ചത്. നാളെ രാവിലെ 7ന് കൗണ്ടിംഗ് സ്റ്റേഷനിൽ എത്തും.