 ആയില്യം തൊഴാൻ ജനസഹസ്രങ്ങൾ

ഹരിപ്പാട്: ചരിത്രമുറങ്ങുന്ന മണ്ണാറശാല നാഗക്കാവിൽ ആയില്യം തൊഴാൻ ഭക്തസഹസ്രങ്ങളുടെ കുത്തൊഴുക്ക്. ക്ഷേത്രവും പരിസരങ്ങളും ഇന്ന് ഭക്തസമുദ്രമാവും. നാഗദൈവങ്ങളുടെ അനുഗ്രഹം തേടി വിദൂര ജില്ലകളിൽ നിന്നു പോലും മണ്ണാറശാലയിലേക്ക് ജനം ഒഴുകിയെത്തുകയാണ്.

ഇന്ന് പുലർച്ചെ അഭിഷേകങ്ങൾ പൂർത്തിയാക്കി 6 മണിയോടെ കുടുംബ കാരണവർ ആയില്യം നാളിലെ പൂജകൾക്ക് തുടക്കം കുറിച്ചു. 10ന് ശേഷം ഇല്ലത്തെ നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് മണ്ണാറശാല വലിയമ്മ ഉമാദേവി അന്തർജ്ജനം ദർശനം നൽകും. നിവേദ്യം കഴിഞ്ഞ് രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ മഹാ പ്രസാദമൂട്ട് നടക്കും.

 പുണ്യമായി പൂയംതൊഴൽ


ഇന്നലെ പൂയം തൊഴാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൂയം നാളിൽ നാഗരാജാവും സർപ്പയക്ഷിയമ്മയും തിരുവാഭരണം അണിഞ്ഞ് ദർശന സുകൃതമേകി. നാഗരാജാവിന്റെയും സർപ്പയക്ഷിയമ്മയുടെയും നടകളിൽ ചതുശ്ശത നിവേദ്യത്തോടെ കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി നടത്തിയ ഉച്ചപ്പൂജ ദർശിക്കാൻ രാവിലെ മുതൽ വലിയ തിരക്കായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മണ്ണാറശാല വലിയമ്മ ദർശനം നൽകി. പൂയം നാളിൽ രാത്രി വൈകിയും ക്ഷേത്രത്തിൽ തിരക്കൊഴിഞ്ഞില്ല. രാവിലെ മുതൽ അമൃതവിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ഭക്തിഗാനസുധ, ഏവൂർ രഘുനാഥൻ നായരും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ, ഹരിപ്പാട് രവിചന്ദ്രന്റെ സംഗീതക്കച്ചേരി, മംഗലം സഞ്ജയന്റെ ആദ്ധ്യാത്മിക പ്രഭാഷണം, എച്ച്. കൃതികയുടെ സംഗീതസദസ്, ചെറുശേരി കുട്ടൻമാരാരും സംഘവും അവതരിപ്പിച്ച പാണ്ടിമേളം, ടി.എം. കൃഷ്ണ (ചെന്നൈ) അവതരിപ്പിച്ച സംഗീതകച്ചേരി, കഥകളി എന്നിവ നടന്നു.

 മഹാ പ്രസാദമൂട്ട് ഇന്ന്

ഇന്നലെ നടന്ന പൂയസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിന്റെ തെക്ക് വശത്തുള്ള മണ്ണാറശാല യു.പി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 11നാണ് പൂയസദ്യ ആരംഭിച്ചത്. സദ്യയുടെ ഉദ്ഘാടനം മുതിർന്ന കുടുംബാംഗം എം.എസ്. സുബ്രഹ്മണ്യൻ നമ്പൂതിരി നിർവ്വഹിച്ചു. കുടുംബാംഗങ്ങളായ എസ്.നാഗദാസ്, കശ്യപ് നാരായണൻ എന്നിവർ പങ്കെടുത്തു. സാമ്പാർ, അവിയൽ, തോരൻ, മോര്, ഉപ്പിലിട്ടത് എന്നിവ ഉൾപ്പടെ വിഭവസമൃദ്ധമായ പൂയസദ്യ ഒരുക്കിയത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. നൂറിൽപരം തൊഴിലാളികളാണ് സദ്യവട്ടങ്ങൾ ഒരുക്കാനായി പുണർതം നാൾ മുതൽ കലവറയിലുള്ളത്. ഇന്ന് നടക്കുന്ന മഹാ പ്രസാദമൂട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 60,000 ത്തോളം പേർക്കുള്ള സദ്യവട്ടമാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിൽ ദിവസേന നടക്കുന്ന അന്നദാനത്തിൽ അയിരത്തോളം പേരും ഞായറാഴ്ചകളിൽ നാലായിരത്തോളം പേരും പങ്കെടുക്കാറുണ്ട്.

 പണപ്പിരിവിനെതിരെ പരാതി

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ഇന്നലെ നടന്ന പൂയ സദ്യയ്ക്കിടെ ഒരു സംഘടനയുടെ പേരിൽ അനധികൃതമായി രസീത് വിതരണം ചെയ്ത് പണപ്പിരിവ് നടത്തിയതിനെതിരെ ക്ഷേത്രം അധികൃതർ നൽകിയ പരാതിയെത്തുടർന്ന് പിരിവുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്നദാനത്തിന്റെ പേരിലോ പാർക്കിംഗ് സ്ഥലത്തിന്റെ പേരിലോ ക്ഷേത്ര പരിസരത്ത് നടക്കുന്ന ഒരു തരത്തിലുള്ള പണപ്പിരിവിനും ക്ഷേത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന് ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികൾ അറിയിച്ചു.

 മണ്ണാറശാലയിൽ ഇന്ന്

ആയില്യം നാളായ ഇന്ന് പുലർച്ചെ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. രാവിലെ 8ന് ഓംകാർരാജിന്റെ വയലിൻ ഫ്യൂഷൻ, 9.30ന് ഷീലാ മേനോനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനലയം, 11.30ന് കേരള വർമ്മ അക്ഷര ശ്ലോക സമിതിയും മഹാകവി ഉള്ളൂർ സ്മാരക സാഹിത്യസമിതിയും അവതരിപ്പിക്കുന്ന അക്ഷരശ്ളോക സദസ്, 12.30ന് പി.പി. ചന്ദ്രൻ മാസ്റ്ററുടെ പാഠകം, ഉച്ചയ്ക്ക് 1.30ന് കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവിൽ തായമ്പക. 3ന് ഡോ.പി.പത്മേഷിന്റെ പുല്ലാംകുഴൽ കച്ചേരി. വൈകിട്ട് 5ന് പെരുമ്പാവൂർ ഇരിങ്ങോൾ ആർദ്രാമൃതം തിരുവാതിരകളി സംഘത്തിന്റെ ആർദ്രായനം തിരുവാതിര കളി, 6.30ന് ബംഗളുരു ഋഷികാം ദശരഥിന്റെ ഭരതനാട്യം നൃത്യപ്രണാമം. രാത്രി 8ന് ഡോ.നിരണം രാജൻ അവതരിപ്പിക്കുന്ന വിഷ്വൽ കഥാപ്രസംഗം. 23ന് രാവിലെ 10 മുതൽ മണ്ണാറശാല യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് എന്നിവ നടക്കും. ക്ഷേത്ര നടയിലെ സേവയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.30ന് സർപ്പംപാട്ട് തറയിലും മേളവാദ്യസേവ.

 കേരളകൗമുദി സ്റ്റാൾ

ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം കോമ്പൗണ്ടിൽ 'കേരളകൗമുദി'യുടെ സ്റ്റാൾ തുറന്നു. മണ്ണാറശാല കുടുംബാംഗം എസ്.നാഗദാസ് സ്റ്റാൾ ഉദ്ഘാടനം ചെയ്തു. കേരളകൗമുദിയുടെ വിവിധ പ്രസിദ്ധീകരണങ്ങൾ സ്റ്റാളിൽ ലഭിക്കും. മണ്ണാറശാല കുടുംബാംഗം അശ്വിൻ സുബ്രഹ്മണ്യൻ, കേരളകൗമുദി ആലപ്പുഴ യൂണിറ്റ് സർക്കുലേഷൻ മാനേജർ എസ്.ആർ.സജിത്ത്, ഹരിപ്പാട് ലേഖകൻ രാഹുൽ കൃഷ്ണൻ, സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ രമേശ്, സർക്കുലേഷൻ എക്സിക്യുട്ടിവ് സുധീഷ് എന്നിവർ പങ്കെടുത്തു.

.......................................

തയ്യാറാക്കിയത്: അനൂപ് ചന്ദ്രൻ, രാഹുൽ കൃഷ്ണൻ

ഫോട്ടോ: വിഷ്ണു കുമരകം