ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആയില്യം പൂജ ഇന്നു നടക്കും.
കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പുലർച്ചെ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും.
രാവിലെ 8 ന് ഓംകാർ രാജിന്റെ വയലിൻ ഫ്യൂഷൻ, 9.30ന് ഷീലാ മേനോനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനലയം, 11.30ന് കേരള വർമ്മ അക്ഷരശ്ലോക സമിതിയും മഹാകവി ഉള്ളൂർ സ്മാരക സാഹിത്യസമിതിയും അവതരിപ്പിക്കുന്ന അക്ഷരശ്ളോക സദസ്, 12.30ന് പി.പി. ചന്ദ്രൻ മാസ്റ്ററുടെ പാഠകം, ഉച്ചയ്ക്ക് 1.30ന് കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവിൽ തായമ്പക. 3ന് ഡോ.പി.പത്മേഷിന്റെ പുല്ലാംകുഴൽ കച്ചേരി. വൈകിട്ട് 5ന് പെരുമ്പാവൂർ ഇരിങ്ങോൾ ആർദ്രാമൃതം തിരുവാതിരകളി സംഘത്തിന്റെ ആർദ്രായനം തിരുവാതിര കളി, 6.30ന് ബംഗളുരു ഋഷികാം ദശരഥിന്റെ ഭരതനാട്യം നൃത്യപ്രണാമം. രാത്രി 8ന് ഡോ.നിരണം രാജൻ അവതരിപ്പിക്കുന്ന വിഷ്വൽ കഥാപ്രസംഗം. രാവിലെ 10 മുതൽ മണ്ണാറശാല യു.പി സ്കൂൾ അങ്കണത്തിൽ മഹാപ്രസാദമൂട്ട് എന്നിവ നടക്കും. ക്ഷേത്ര നടയിലെ സേവയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.30ന് സർപ്പംപാട്ട് തറയിലും മേളവാദ്യസേവ എന്നിവയുണ്ടാവും.
പൂയം തൊഴുത് ഭക്ത സഹസ്രങ്ങൾ
മണ്ണാറശാലയിൽ ഇന്നലെ പൂയം തൊഴാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൂയം സദ്യയിലും പതിനായിരങ്ങൾ പങ്കെടുത്തു. ക്ഷേത്രം വക യു.പി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 11ന് മുതിർന്ന കുടുംബാംഗം എം.എസ്. സുബ്രഹ്മണ്യൻ നമ്പൂതിരി പൂയസദ്യ വിളമ്പി ഉദ്ഘാടനം ചെയ്തു. കുടുംബാംഗം എസ്.നാഗദാസ്, കശ്യപ് നാരായണൻ എന്നിവർ പങ്കെടുത്തു. ഇന്ന് മഹാ പ്രസാദമൂട്ട് നടക്കും.