ആലപ്പുഴ: കളിക്കുന്നതിനിടയിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബാലൻ മരിച്ചു. പാലസ് വാർഡ് പുതുവീട്ടിൽ ജയൻ ആന്റണിയുടെ മകൻ തോമസ് ആന്റണി (ജെസ്വിൻ-9) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ അമ്മ ജോമോൾ ആണ് വെള്ളക്കെട്ടിൽ അബോധാവസ്ഥയിൽ കിടന്ന ജെസ്വിനെ കണ്ടത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സൗത്ത് പൊലീസ് മേൽ നടപടി സ്വീകരിച്ചു. ആലപ്പുഴ സെന്റ് ആന്റണിസ് എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരൻ: ജെറിൻ. സംസ്‌കാരം പിന്നീട്.