മാവലിക്കര: ബൈക്കിലെത്തിയ മൂന്നംഗ സംഘം സൈക്കിൾ യാത്രികനെ വഴിയിൽ തള്ളിയിട്ടു പണമടങ്ങിയ പഴ്സ് തട്ടിയെടുത്തു. പല്ലാരിമംഗലം ചാങ്കൂർ വീട്ടിൽ സി.കെ.രാമചന്ദ്രനാണ് പണം നഷ്ടമായത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ രാമചന്ദ്രൻ മാവേലിക്കരയിൽ നിന്നും വീട്ടിലേക്ക് വരും വഴി ളാഹ ജംഗ്ഷന് കിഴക്ക് കളത്തൂർ കാവിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.

ഒരു ബൈക്കിൽ എത്തിയ മൂവർസംഘം രാമചന്ദ്രന്റെ അടുത്തെത്തി പെട്രോൾ പമ്പ് അടുത്തുണ്ടോ എന്ന് ചോദിച്ചു. സൈക്കിൾ നിർത്തി വഴി പറഞ്ഞു കൊടുക്കുന്നതിനിടെ ഒരാൾ രാമചന്ദ്രനെ തള്ളിവീഴ്ത്തി പോക്കറ്റിൽ നിന്നും പണമടങ്ങിയ പഴ്സ് ബലമായി കൈക്കലാക്കുകയായിരുന്നു. ആയിരത്തിലധികം രൂപ നഷ്ടമായി. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും കവർച്ചക്കാർ ബൈക്കിൽ രക്ഷപെട്ടു. മാവേലിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.