കറ്റാനം: നിശാ പാർട്ടികളിലും മറ്റും ഉപയോഗിക്കുന്ന മുന്തിയ ഇനം മയക്കുമരുന്നായ മാക്‌സ് ജെല്ലി എക്സ്റ്റസിയുമായി (എം.ഡി.എം.എ) ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി നടയിൽ വടക്കതിൽ വീട്ടിൽ വിഷ്ണു (മാരി-25) പിടിയിൽ. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ ഭരണിക്കാവ് ചെറുവള്ളി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് മൂന്നു ഗ്രാം മയക്കുമരുന്നുമായി ഇയാൾ പിടിയിലായത്.
മയക്കുമരുന്നിന്റെ പ്രധാന ഡീലർമാരിലൊരാളായ സവാദ് ഹനീഫയെ (കാലിക്കട്ട് ഗുസ്മാൻ-27) കുറച്ചുനാൾ മുമ്പ് ആലുവയിൽ നിന്ന് 50 ഗ്രാം എക്സ്റ്റസിയുമായി പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുറത്തികാട് എസ്.ഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിഷ്ണുവിനെ പിടികൂടിയത്. ബംഗളുരുവിൽ നിന്നാണ് തനിക്ക് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് വിഷ്ണു മൊഴി നൽകി. ഗ്രേഡ് എസ്.ഐ ജാഫർഖാൻ, എ.എസ്.ഐ നിയാസ്, സീനിയർ സി.പി.ഒ ഹരി, സി.പി.ഒ ഇസ്ലാഹ്, ഹോംഗാർഡ് രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു
ശിക്ഷ കഠിന തടവ്
ഗ്രാമിനു 15,000 രൂപ ചില്ലറവില്പന വിലയുള്ള ‘മാക്സ് ജെല്ലി എക്സ്റ്റസി’ ഇനത്തിൽപ്പെട്ട അര ഗ്രാം ലഹരിമരുന്നു കൈയിൽ വച്ചാൽ പോലും 10 വർഷം കഠിന തടവാണ് ശിക്ഷ. 10 ഗ്രാമിനു മുകളിലാണെങ്കിൽ 20 വർഷം വരെ കഠിനതടവു ലഭിക്കാം. 100 കിലോഗ്രാം കഞ്ചാവ് പിടികൂടുന്നതിനു തുല്യമായ കുറ്റകൃത്യമാണിത്. ചിലയിനം ജെല്ലി ഫിഷുകൾ വിഷമുള്ളവ ആതിനാലാണ് എം.ഡി.എം.എയ്ക്കു (മെഥിലീൻ ഡയോക്സി- മെഥാംഫെറ്റാമിൻ) ലഹരിമരുന്ന് ഇടപാടുകാർ ‘മാക്സ് ജെല്ലി എക്സ്റ്റസി’ എന്നു പേരിട്ടത്. മൈക്രോ ഗ്രാം ഉപയോഗിച്ചാൽ പോലും 48 മണിക്കൂറോളം ഉന്മാദാവസ്ഥയിലാകുമത്രെ. അളവും ഉപയോഗവും പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാം.