ഹരിപ്പാട് :ആയില്യം നാളായ ഇന്നലെ സർവ്വാഭരണ വിഭൂഷിതനായ നാഗരാജാവിനെ കണ്ടുതൊഴാൻ മണ്ണാറശാലയിലെത്തിയത് പതിനായിരങ്ങൾ. പുളളുവൻപാട്ടും പ്രാർത്ഥനാമന്ത്രങ്ങളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ കുടുംബകാർണവരുടെ മുഖ്യകാർമ്മികത്വത്തിൽ പൂജകൾ നടന്നു. നിലവറയ്ക്ക് സമീപം മണ്ണാറശാല വലിയഅമ്മ ദർശന പുണ്യമേകി.
ദിവസങ്ങളായി പെയ്ത മഴ വഴിമാറിനിന്ന ഇന്നലെ വെളുപ്പിന് മുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനത്തിരക്കായിരുന്നു.
വലിയമ്മയുടെ അനാരോഗ്യം കാരണം ആയില്യം എഴുന്നളളത്തും തുടർന്നുള്ള പൂജകളും ഇല്ലാതിരുന്നതിനാൽ ഉച്ചയ്ക്ക് മുമ്പ് ക്ഷേത്ര നടയിലും തുടർന്ന് നിലവറയ്ക്ക് സമീപവും വിവിധ മേള വാദ്യങ്ങളുടെ സേവ നടന്നു. നാഗരാജാവിന്റെ മാതൃസങ്കൽപ്പംചൂടുന്ന മണ്ണാറശാല വലിയമ്മയ്ക്കാണ് ആയില്യം എഴുന്നളളത്തും തുടർന്നുളള ആയില്യം പൂജയും നടത്താൻ അധികാരമുളളത്. അമ്മയ്ക്ക് അസൗകര്യമുണ്ടായാൽ ഈ ചടങ്ങുകളൊന്നും വേണ്ടെന്നാണ് ക്ഷേത്രാചാരവിധി.
നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും നാഗചാമുണ്ഡിയുടെയും സർപ്പയക്ഷിയുടെയും ദിവ്യവിഗ്രഹങ്ങൾ കണ്ട് തൊഴുത് മണ്ണാറശ്ശാല വലിയമ്മയെയും ദർശിച്ചാണ് ജനസഹസ്രങ്ങൾ സായൂജ്യരായത്. ആയില്യം എഴുന്നളളത്തുപോലെ പുണ്യമാണ് ആയില്യം നാളിലെ അമ്മയുടെ ദർശനവും. ഇന്നലെ വെളുപ്പിന് 3.30ന് നട തുറന്നു. അഭിഷേകങ്ങൾ പൂർത്തിയാക്കി പുലർച്ചെ 6 മണിയോടെ കുടുംബ കാർണവർ ആയില്യം നാളിലെ പൂജകൾ ആരംഭിച്ചു. വലിയമ്മ രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി. തുടർന്ന് ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് അമ്മ ദർശനം നൽകി. ഇളയമ്മ സാവിത്രി അന്തർജനവും സമീപത്തുണ്ടായിരുന്നു. നിവേദ്യത്തിന് ശേഷം രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ പ്രസാദമൂട്ട് ആരംഭിച്ചു.