മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് തകരാർ പതിവ്
ആലപ്പുഴ : മിനി സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇവിടുത്തെ ലിഫ്റ്റ് ഭീഷണിയായി മാറി. മിക്കവാറും ദിവസങ്ങളിൽ ലിഫ്റ്റിൽ ആളുകൾ കുടുങ്ങാറുണ്ട്. ചൊവ്വാഴ്ച രണ്ട് പേർ കുടുങ്ങിയതാണ് ഒടുവിലത്തെ സംഭവം.
അടിക്കടി കേടാകുന്നതു കാരണം മിക്കപ്പോഴും ലിഫ്റ്റ് പ്രവർത്തനരഹിതമാണ്. പ്രവർത്തിച്ചു തുടങ്ങിയാലാകട്ടെ ഇടയ്ക്ക് പണിമുടക്കിയിരിക്കും. അഞ്ചാം നിലയിലെ സപ്ളൈ ഓഫീസിൽ പോകാനെത്തിയവരാണ് കഴിഞ്ഞ ദിവസം ലിഫ്റ്റിൽ കുടുങ്ങിയത്. ഫയർഫോഴ്സ് എത്തി മുക്കാൽ മണിക്കൂറോളം പണിപ്പെട്ടിട്ടാണ് ഇവരെ പുറത്തെത്തിച്ചത്.
ലിഫ്റ്റ് നിരന്തരം കേടാകുന്നതുമൂലം ജീവനക്കാർക്കും സിവിൽസ്‌റ്റേഷനിലെത്തുന്നവർക്കും ലിഫ്ടിൽ കയറാൻ പേടിയാണ്. തകരാറിലായ ഉടനെ കമ്പനിക്കാർ വന്ന് ലിഫ്റ്റ് നന്നാക്കാറുണ്ടെങ്കിലും അടുത്ത ദിവസം വീണ്ടും കേടാകുമെന്ന് ജീവനക്കാർ പറയുന്നു. രണ്ട് ലിഫ്ടുകളാണ് ഇവിടെ ഉള്ളത്.
ഇപ്പോൾ മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്‌സിൽ വിളിയെത്തുമ്പോഴേ അറിയാം ലിഫ്ട് കേടായതാണെന്ന്. ലിഫ്ടിൽ അകപ്പെട്ടാൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്താമെന്നതിനെക്കുറിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ജീവനക്കാർക്ക് ക്ലാസെടുക്കുകയും ചെയ്യുന്നുണ്ട്.
ലിഫ്റ്റ് ഓപ്പറേറ്ററില്ല
2015മുതൽ ഇവിടെ ലിഫ്ട് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഓപ്പറേറ്ററെ ഇതുവരെ നിയമിച്ചിട്ടില്ല. ഒരു ലിഫ്ട് ഓപ്പറേറ്ററെ നിയമിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ചെവിക്കൊണ്ടിട്ടിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.
പടി കയറ്റം കഠിനം
വൈദ്യുതി തടസം മൂലം ലിഫ്ട് പ്രവർത്തിക്കാതെ വന്നാൽ ബദൽ മാർഗമായി ജനറേറ്റർ, ബാറ്ററി, ഇൻവർട്ടർ എന്നീ സംവിധാനം മിനി സിവിൽ സ്റ്റേഷനിൽ ഇല്ല.
പ്ലാനിംഗ് ഓഫീസ്, സ്റ്റാസ്റ്റിക്കൽ ഓഫീസ്, ഫിഷറീസ് ഓഫീസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, റവന്യൂ റീസർവേ ഓഫീസ്, ലോട്ടറി ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് എന്നിങ്ങനെ നിരവധി ഓഫീസുകളാണ് ഇവിടെയുള്ളത്.
ലിഫ്ട് തകരാർ തുടർച്ചയായതിനാൽ അഞ്ചാം നിലയിലേക്ക് പടികൾ കയറിയെത്തുന്നവർ ക്ഷീണിച്ച് പാതിവഴിയിൽ ഇരിക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്.
റേഷൻ കാർഡിലെ അപാകത പരിഹരിക്കാൻ എത്തുന്ന വൃദ്ധർ ഉൾപ്പെടെയുള്ളവരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. അഞ്ചാം നിലയിലാണ് സപ്ലൈ ഓഫീസ്.
'' മിനിസിവിൽ സ്റ്റേഷനിൽ ലിഫ്ട് നല്ല രീതിയിൽ പ്രവർത്തിപ്പിച്ചാൽ സപ്ലൈഒാഫീസിൽ എത്തുന്നവർക്കാണ് കൂടുതൽ ഉപകാരപ്പെടുക. നിരവധി പേർ ദിനംപ്രതി ആശ്രയിക്കുന്ന സപ്ളൈ ഓഫീസിന്റെ പ്രവർത്തനം 5-ാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഒരു നടപടിയുമായിട്ടില്ല.
- എൻ.ഷിജീർ,
കെ.എസ്.ആർ.ആർ.ഡി.എ
സംസ്ഥാന സെക്രട്ടറി