ആലപ്പുഴ : വൈകിയോട്ടവും ട്രെയിനുകൾ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതും തീരദേശ പാതയിലെ ട്രെയിൻ യാത്ര ദുഷ്കരമാക്കുന്നു. പാത ഇരട്ടിപ്പിക്കൽ വൈകുന്നതാണ് മൂന്ന് നൂറ്റാണ്ടായി തുടരുന്ന യാത്രാദുരിതം അവസാനിക്കാത്തതിനു കാരണം.
ആലപ്പുഴയിൽ നിന്നു എറണാകുളം ഭാഗത്തേക്കു ജോലിക്കു പോകുന്നവർ ആശ്രയിക്കുന്ന രാവിലെ 7.25നുള്ള ആലപ്പുഴ-എറണാകുളം പാസഞ്ചർ വൈകിയോടുന്നത് പതിവാണ്. ഇതുകാരണം നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ജോലി സ്ഥലങ്ങളിൽ എത്താൻ വൈകുന്നത്. ഈ ട്രെയിൻ വൈകി എത്തുന്നതു കാരണം പലപ്പോഴും എറണാകുളത്തു നിന്നുള്ള കണക്‌ഷൻ ട്രെയിനുകളും യാത്രക്കാർക്ക് കിട്ടാറില്ല.
ഈ പാസഞ്ചറിൽ 14 കോച്ചുകൾ ഉണ്ടെങ്കിലും യാത്ര ദുരിതമാണ്. നിൽക്കാൻ പോലും ഇടമില്ലാതെയാണ് ട്രയിനിന്റെ യാത്ര.
രാവിലെ ഒൻപതിനു എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിച്ചേരേണ്ട ട്രെയിൻ മിക്കപ്പോഴും അര മണിക്കൂർ വൈകിയാണ് എത്തുന്നത്. പല സ്റ്റേഷനുകളിലും ട്രെയിൻ പിടിച്ചിടുന്നത് പതിവാണ്.
ആലപ്പുഴയ്ക്കും എറണാകുളം സ്റ്റേഷനും ഇടയ്ക്ക് തുമ്പോളി, കലവൂർ, മാരാരിക്കുളം, തിരുവിഴ, ചേർത്തല, വയലാർ, തുറവൂർ, എഴുപുന്ന, അരൂർ, കുമ്പളം, തിരുനെട്ടൂർ സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളിൽ ഒരു മിനിട്ടാണ് യാത്രക്കാരെ കയറ്റിയിറക്കാനുള്ള സമയം. 57 കിലോമീറ്റർ ദൂരമുള്ള ആലപ്പുഴ-എറണാകുളം റൂട്ടിൽ ഒരു മണിക്കൂർ 35 മിനിട്ടാണ് പാസഞ്ചറിനു യാത്രാസമയം. ശരാശരി വേഗം മണിക്കൂറിൽ 36 കിലോമീറ്ററാണ്. റൂട്ട് ക്ലിയറാക്കിയാൽ പ്രത്യേകിച്ചു വലിയ സംവിധാനങ്ങൾ ഏർപ്പെടുത്താതെ തന്നെ ഒരു മണിക്കൂർ കൊണ്ട് ആലപ്പുഴയിൽ നിന്ന് എറണാകുളത്ത് എത്താൻ കഴിയുമെന്ന് സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
രാവിലെ 7.05നു പുറപ്പെടുന്ന ആലപ്പുഴ-കായംകുളം പാസഞ്ചർ, രാത്രി 10.25നു പുറപ്പെടുന്ന കായംകുളം-ആലപ്പുഴ പാസഞ്ചർ എന്നിവ റദ്ദാക്കിയിട്ട് ആറ് മാസമായി . ജീവനക്കാരുടെ കുറവു ചൂണ്ടിക്കാട്ടിയാണ് ട്രെയിൻ താത്കാലികമായി നിറുത്തിയത്. എന്നാൽ, രണ്ടു സർവീസുകളും പൂർണമായും നിറുത്തലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. 43 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിൽ പുന്നപ്ര, അമ്പലപ്പുഴ, തകഴി, കരുവാറ്റ, ഹരിപ്പാട്, ചേപ്പാട് എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. റദ്ദാക്കിയ സർവീസ് പുനഃസ്ഥാപിച്ച് ആലപ്പുഴ-കായംകുളം പാസഞ്ചർ കൊല്ലം വരെ സവീസ് നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
തീരദേശ പാത
ആലപ്പുഴ - എറണാകുളം : 57 കിലോമീറ്റർ
ആലപ്പുഴ - കായംകുളം : 43 കിലോമീറ്റർ
കായംകുളം മുതൽ ഹരിപ്പാട് വരെ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി
പ്രശ്‌നങ്ങൾ പലവിധം
എറണാകുളം-ആലപ്പുഴ-കായംകുളം പാതയിൽ യാത്രാ ദുരിതത്തിന് അറുതി ഉണ്ടാകണമെങ്കിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകണം. കായംകുളം- ഹരിപ്പാട് പാത നേരത്തേ ഇരട്ടിപ്പിച്ചിരുന്നു. എന്നാൽ അമ്പലപ്പുഴ-ഹരിപ്പാട് പാത ഇരട്ടിപ്പിക്കൽ ഇഴയുകയാണ്. കായംകുളം -ആലപ്പുഴ പാതയിൽ ഏറ്റവും വലിയ പാലവും നിരവധി ചെറുപാലങ്ങളും ഉള്ളത് അമ്പലപ്പുഴ-ഹരിപ്പാട് മേഖലയിലാണ്. പ്രധാന പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും കോരംകുഴി തോട്ടിലെ പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്ത രണ്ട് കരാറുകാർ ജോലി പൂർത്തീകരിച്ചിട്ടില്ല. നിർമ്മാണ സാധാനങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശത്തെ തൊഴിൽ തർക്കവും നിർമ്മാണം വൈകാൻ കാരണമായി.
പൂർണ്ണമായും ചെളിക്കുണ്ടിലാണ് ഇവിടം. കുന്നുമ്മ ലെവൽ ക്രോസ് ഭാഗത്ത് മേൽപ്പാലം നിർമ്മിക്കാനായിരുന്നു ആദ്യം പദ്ധതി. എന്നാൽ സാങ്കേതിക തർക്കം മൂലം നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു.
സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായില്ല
അമ്പലപ്പുഴ-ആലപ്പുഴ പാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായിട്ടല്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രധാന പ്രശ്‌നം. പാത ഇരട്ടിപ്പിക്കലിന് ലഭിക്കുന്ന ഫണ്ടിൽ ഭൂരിഭാഗവും കോട്ടയം ഡിവിഷനിലെ പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കാൻ ഉപയോഗിക്കുകയാണെന്നും യാത്രക്കാർ ആരോപിക്കുന്നു.