photo

ആലപ്പുഴ : 96ാം വയസിലും ചോരാത്ത സമരാവേശവുമായി പുന്നപ്രയിലെ സമരഭൂമിയിൽ ധീരരക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കാൻ വി.എസ്.അച്യുതാനന്ദനെത്തി. രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ പുന്നപ്ര വയലാർ സമരനായകനായ വി.എസ് ഒരു പിടി രക്തപുഷ്പങ്ങളർപ്പിച്ചു.

തുരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ 11മണിയോടെയാണ് വി.എസ് സമരഭൂമിയിലെത്തിയത്. വി.എസിന്റെ വരവ് പാർട്ടി പ്രവർത്തകരിൽ ആവേശമുയർത്തി. പുന്നപ്ര വയലാർ വാർഷിക വാരാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാനം ജംഗ്ഷനിൽ നിന്ന് സമരഭൂമിയിലേക്ക് പുഷ്പാർച്ചന റാലിയും സംഘടിപ്പിച്ചു. റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു.

സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, സി.പം.എം ജില്ലാ കമ്മിറ്റി അംഗം എച്ച്.സലാം, നഗരസഭാ പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ,ഇ.കെ.ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മറ്റി ചെയർമാൻ ഇ.കെ.ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈകിട്ട് വലിയചുടുകാട്ടിൽ പുഷ്പാർച്ചനയും ദീപക്കാഴ്ചയും രക്തസാക്ഷി അനുസ്മരണ സമ്മേളനവും നടന്നു.