ആലപ്പുഴ:ആദർശത്തിലധിഷ്ഠിതമായ ജീവിത ശൈലിയിലൂടെ പൊതുരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച നേതാവാണ് ഇന്നലെ അന്തരിച്ച സി.എസ്.രാജീവ്. ജനങ്ങളുടെ മനസിൽ ആഴത്തിൽ പതിഞ്ഞ പേരും രൂപവുമായിരുന്നു രാജീവിന്റേത്. ചെരുപ്പിടാതെ മുടിയൊതുക്കി വെയ്ക്കാതെ ഒരുപാട് പ്രത്യേകതകളുള്ള പ്രകൃതം. നഗരസഭയിലേയ്ക്ക് അവസാന രണ്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ പോസ്റ്ററും ബാനറുമില്ലാതെയായിരുന്നു പ്രചാരണം. ജനങ്ങൾക്കെന്നെ അറിയാം...അവർ ജയിപ്പിക്കുമെന്ന ആത്മവിശ്വാസത്തിന് ജനങ്ങളും എതിരു നിന്നില്ല. കോൺഗ്രസ് പാർട്ടിയിൽ വലിയ സ്ഥാനമാനങ്ങളിലേയ്ക്ക് വന്നില്ലെങ്കിലും നഗരത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തിളക്കമാർന്ന മുഖമായിരുന്നു രാജീവ് . തിരുവമ്പാടി സ്‌കൂളിൽ കെ.എസ്.യു പ്രവർത്തകനായാണ് പൊതുരംഗത്തെത്തിയത്. ആലപ്പുഴ എസ്.ഡി കോളേജിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായി. ഇവിടെ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 1988 മുതൽ 26 വർഷക്കാലം ആലപ്പുഴ നഗരസഭാ കൗൺസിലറായിരുന്നപ്പോൾ അദ്ദേഹം പ്രതിനിധീകരിച്ച വാർഡുകളിലെല്ലാം വികസന വിപ്ലവം തീർത്തു. കളർകോട്, കൈതവന, സനാതനപുരം എന്നീ വാർഡുകളിൽ നിന്ന് വൻഭൂരിപക്ഷത്തിലാണ് നഗരസഭയിലേക്ക് രാജീവിനെ ജനങ്ങൾ വിജയിപ്പിച്ചത്. തോളോട് തോൾ ചേർന്ന് നിന്ന് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ രാജീവ് കാട്ടിയ ആത്മാർത്ഥത ഓരോ തവണയും വിജയത്തിളക്കം കൂട്ടി. 28 വർഷമായി കളർകോട് സവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ച രാജീവ് ബാങ്കിനെ ആധുനിക വത്ക്കരിച്ച് പൊതുമേഖലാ ബാങ്കിനോട് കിടപിടിക്കുന്ന തരത്തിൽ ഉയർത്തി.