ഹരിപ്പാട് : ആയില്യം മഹോത്സവത്തോടനുബന്ധിച്ച് മണ്ണാറശാലയിൽ നടന്ന മഹാപ്രസാദമൂട്ടിൽ പതിനായിരങ്ങൾ പങ്കുകൊണ്ടു. പതിനെട്ടാമാണ്ടിലും പഴയിടം മോഹനൻ നമ്പൂതിരിയാണ് മഹാപ്രസാദമൂട്ടിന് നേതൃത്വം നൽകിയത്. ചോറിനൊപ്പം സാമ്പാർ, കൂട്ടുകറി, തോരൻ, മോര്, ഉപ്പിലിട്ടത്, അരവണപായസം എന്നിവ ഉൾപ്പടെയായിരുന്നു മഹാപ്രസാദമൂട്ട് . പൂയസദ്യയിലും, മഹാപ്രസാദമൂട്ടിലുമായി അരലക്ഷത്തിൽപ്പരം ഭക്തരാണ് പങ്കെടുത്തത്. ഇന്നലെ രാവിലെ പത്ത് മുതലാണ് ക്ഷേത്രം വക സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പ്രസാദമൂട്ട് നടന്നത്.
മനം കവർന്ന് കലാവിരുന്ന്
ഓംകാർരാജിന്റെ വയലിൻ ഫ്യൂഷനോടെയാണ് ഇന്നലെ മണ്ണാറശ്ശാലയിലെ കലാവിരുന്ന് ആരംഭിച്ചത്. തുടർന്ന് ഷീലാ മേനോനും സംഘവും അവതരിപ്പിച്ച ഭക്തിഗാനലയം, കേരള വർമ്മ അക്ഷര ശ്ലോക സമിതിയും മഹാകവി ഉള്ളൂർ സ്മാരക സാഹിത്യസമിതിയും അവതരിപ്പിച്ച അക്ഷരശ്ളോക സദസ്, പി.പി. ചന്ദ്രൻ മാസ്റ്ററുടെ പാഠകം, കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിച്ച മിഴാവിൽ തായമ്പക. ഡോ.പി.പത്മേഷിന്റെ പുല്ലാംകുഴൽ കച്ചേരി, പെരുമ്പാവൂർ ഇരിങ്ങോൾ ആർദ്രാമൃതം തിരുവാതിരകളി സംഘത്തിന്റെ ആർദ്രായനം തിരുവാതിര കളി, ബംഗളുരു ഋഷികാം ദശരഥിന്റെ ഭരതനാട്യം നൃത്യപ്രണാമം. ഡോ.നിരണം രാജൻ അവതരിപ്പിച്ച വിഷ്വൽ കഥാപ്രസംഗം എന്നിവ നടന്നു. ക്ഷേത്ര ദർശനത്തിന് ശേഷം ഭക്തർ വേദിയുടെ മുന്നിലും മണിക്കൂറുകൾ ചിലവഴിച്ചാണ് മടങ്ങിയത്.
സ്വർണ്ണ നിറമാർന്ന ചിത്രശലഭത്തിലും നാഗരൂപം
നാഗരാജാവിന്റെ തിരുനാൾ ദിനമായ ആയില്യത്തിന് സ്വർണ്ണ നിറമാർന്ന നാഗങ്ങളെ കണ്ടിട്ടുള്ളവർ നിരവധിയെന്ന് പഴമക്കാർ പറയുമ്പോൾ, ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ അസംഖ്യം ജീവജാലങ്ങൾ വസിക്കുന്ന കാവുകളിലേക്ക് നോക്കി നിൽക്കുന്നത് സ്വാഭാവികമാണ്. ഓരോ ജീവജാലത്തിനും ഇവിടെ പ്രത്യേക ചൈതന്യമാണ്. കാവിനുള്ളിൽ വസിക്കുന്ന വിവിധതരം നാഗങ്ങൾ ആയില്യദിവസം പലരുടെയും കണ്ണിൽപ്പെടാറുണ്ട്. നാഗങ്ങളുടെ ദർശനം മാഹാഭാഗ്യമായാണ് വിശ്വാസികൾ കരുതുന്നത്. ഈ ആയില്യം നാളിൽ സ്വർണ്ണനിറമാർന്ന ചിത്രശലഭമാണ് ഭക്തർക്ക് കൗതുകമായത്. ചിത്രശലഭത്തിന്റെ ചിറകുകൾ സംഗമിക്കുന്ന സ്ഥാനത്ത് നാഗരൂപം ദൃശ്യമായത് ഭക്തിയുടെ നെറുകയിൽ എത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പടിഞ്ഞാറേ നടയിൽ നിന്നും വടക്കോട്ടുള്ള വഴിയിൽ കാവിലെ വള്ളിപ്പടർപ്പിലാണ് ഭക്തർ ചിത്രശലഭത്തെ കണ്ടത്. സംഭവമറിഞ്ഞ് നിരവധി ഭക്തരാണ് ഇവിടെ തടിച്ചുകൂടിയത്. ആളനക്കം കൂടിയതോടെ ചിത്രശലഭം കാവിനുള്ളിലേക്ക് പറന്നകന്നു.