മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഡിസംബർ ഒന്ന് മുതൽ ജനുവരി 10 വരെ നടത്തുന്ന മഹാഭാരതം തത്ത്വസമീക്ഷ രാജ്യാന്തര സാംസ്കാരികോൽസവത്തിന്റെ ഭാഗമായി മഹാഭാരതത്തിലെ സന്ദേശങ്ങൾ ചിത്രകലയിലൂടെ പുനരാവിഷ്കരിക്കുന്നു. ഓണാട്ടുകര പ്രദേശത്തെ മതിലുകളിലാണ് മഹാഭാരതം ചുവർച്ചിത്രകല, ഗ്രാഫിറ്റി എന്നപേരിൽ പുനരാവിഷ്കരിക്കുന്നത്. 15 ഓളം കലാകാരൻമാരുടെ നേതൃത്വത്തിലാണ് മതിലുകളിൽ ചിത്രങ്ങൾ വരക്കുന്നത്.

രാജ്യാന്തര സാംസ്കാരികോൽസവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തുന്നത്. 41 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ സംവാദങ്ങൾ, പ്രഭാഷണങ്ങൾ, വിവിധ പ്രദേശങ്ങളിലെ നാടൻ കലകളുടെ അവതരണം, കരകൗശല ഉത്പന്ന പ്രദർശനം, ഭൂമിയ്ക്കായി ഒരു ലക്ഷം വൃക്ഷത്തൈ സമർപ്പണം, പ്രദർശന സ്റ്റാളുകൾ, വിജ്ഞാന, വിനോദ പരിപാടികൾ എന്നിവ നടക്കും.