പൂച്ചാക്കൽ: താലൂക്ക് ആശുപത്രികളിൽ ടോക്കൺ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാത്തത് രോഗികൾക്ക് വിനയാകുന്നു. പനി ബാധിതരടക്കം നിരവധി രോഗികൾ
ക്യൂനിന്ന് വലയേണ്ട അവസ്ഥയാണ്.
ഒ പി ടിക്കറ്റ് എടുക്കുമ്പോൾ ടോക്കൺ നമ്പർ അതിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജനറൽ ഒ.പി വിഭാഗത്തിൽ ടോക്കൺ നമ്പർ ദൃശ്യമാകുന്ന ഡിസ് പ്ളേ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ടോക്കൺ നമ്പറുകൾ വിളിക്കുന്നുമില്ലെന്ന് രോഗികൾ പറയുന്നു. പലപ്പോഴും കൈയ്യൂക്കുള്ളവർ കാര്യം നടത്തുന്ന രീതിയാണ്. വയോധികരും രോഗംമൂലം അവശത അനുഭവിക്കുന്നവരും പലപ്പോഴും ക്യൂവിൽ പിൻതള്ളപ്പെടുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പോലും ടോക്കൺ സംവിധാനം ഉണ്ടായിട്ടും താലൂക്ക് ആശുപത്രികളിൽ പ്രാചീന രീതി തുടരുന്നത് പരാതികൾക്കിടയാക്കുന്നു
ചേർത്തല താലൂക്ക് ആശുപത്രി
ചേർത്തല താലൂക്ക് ആശുപത്രിയിൽ കുട്ടികളുടെ വിഭാഗം, അസ്ഥിരോഗ വിഭാഗം, ദന്തൽ, ഗൈനക്കോളജി ഒ പി കളിൽ മാത്രമാണ് ടോക്കൺ സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടെയും മതിയായ ഇരിപ്പിടങ്ങൾ ഇല്ലാത്തതും മൂലം രോഗികൾക്ക് ഏറെ നേരം നിൽക്കേണ്ടി വരുന്നുണ്ട്.
തുറവൂർ താലൂക്ക് ആശുപത്രി
തുറവൂർ താലൂക്ക് ആശുപത്രിയിലും സമാന സ്ഥിതിയാണ്. ഇവിടെ എല്ലാ വിഭാഗങ്ങളിലും വരിയിൽ കാത്തു നിൽക്കണം. കുട്ടികളുടെ വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലും വരിനിൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഇവിടെ ടോക്കൺ സംവിധാനം ഇനിയും നടപ്പിലാക്കിയിട്ടില്ല. ഏറെ നേരം വരി നിന്ന് ഡോക്ടറെ കണ്ടാൽ പിന്നെ ഫാർമസിക്ക് മുമ്പിലും വരി നിൽക്കണം. മുൻഗണനാ ക്രമത്തിൽ ചീട്ടുകൾ വാങ്ങി പേര് വിളിക്കുന്ന രീതിയില്ലാത്തതിനാൽ ലാബ് പരിശോധനയ്ക്കെത്തുന്നവർക്ക് സമാന ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
പരിഹാരമെന്ത് ?
തിരക്കു കൂടുതലുള്ള വിഭാഗങ്ങളിൽ ടോക്കൺ സംവിധാനം നന്നായി നടപ്പാക്കുക
ചീട്ട് വരുന്ന മുറയ്ക്ക് വാങ്ങി വയ്ക്കുകയും ക്രമത്തിൽ പേര് വിളിക്കുകയും ചെയ്യുക.
ആവശ്യമായത്ര ഇരിപ്പിടങ്ങളും വിശ്രമ സൗകര്യങ്ങളും ഒരുക്കുക
തിരക്കുള്ളപ്പോൾ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കുക
" ശാരീരികമായ അവശതകളോടെ ഏറെ നേരം ക്യൂവിൽ നിൽക്കേണ്ടിവരുന്നു. ഇതിനൊരു പരിഹാരം ഉണ്ടാകണം. ക്യൂവിൽ ചിലർ ഇടയ്ക്കു കയറുമ്പോൾ തർക്കങ്ങളും പതിവാണ്.
രോഗികൾ