ആലപ്പുഴ : റോഡ് പണിയുടെ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരുടെ ശമ്പളത്തിൽ നിന്ന് തുക ഈടാക്കി റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി. സിവിൽ സ്റ്റേഷൻ-പുലയൻവഴി റോഡിലൂടെ ഇന്നലെ യാത്ര ചെയ്തപ്പോഴാണ് അറ്റകുറ്റപ്പണിയിലുണ്ടായ വീഴ്ച മന്ത്രി കണ്ടെത്തിയത്.
സിവിൽ സ്റ്റേഷൻ മുതൽ വലിയകുളം വരെയും വലിയകുളം മുതൽ പുലയൻവഴി വരെയുമുള്ള റോഡിന്റെ ചിലഭാഗങ്ങളിൽ വാട്ടർ അതോറിട്ടി പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചതിനെത്തുടർന്ന് കുഴികൾ രൂപപ്പെട്ടിരുന്നു. ഈ കുഴികൾ മൂടിയെങ്കിലും മൂന്നാം ദിവസം ഒലിച്ചുപോയി.
കേടുപാടുകൾ സംഭവിച്ച റോഡ് സ്ട്രിപ്ഡ് ബി.ടി (ഷീറ്റ് പോലെ ടാർ ചെയ്യുന്ന രീതി) ചെയ്യുന്നതിനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുളള റോഡുകൾ ഒരുവർഷത്തിലേറെ ഗതാഗത യോഗ്യമായിരിക്കും. എന്നാൽ ഇവിടെ അത് പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനാണ് ബദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശിച്ചത്.