s

പൂച്ചാക്കൽ:പെരുമ്പളം ദ്വീപിൽ പൊലീസ് ഔട്ട് പോസ്റ്റ് പ്രവർത്തനം തുടങ്ങി. മൃഗാശുപത്രി കെട്ടിടത്തിലാണ് ഇപ്പോൾ എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം. പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ട് ഉദ്ഘാടനം പിന്നീട് നടക്കും.

പൂച്ചാക്കൽ പൊലിസ് സ്റ്റേഷന്റെ പരിധിയിയിലുള്ള പെരുമ്പളം പഞ്ചായത്തിൽ 2800 ഓളം കുടുംബളാണ് താമസിക്കുന്നത്.ഇവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ബോട്ടുമാർഗം പൊലീസ് എത്താൻ ഒരുമണിക്കൂറിലധികം സമയം വേണ്ടിവരും. സ്ഥിരമായി പൊലീസ് നിരീക്ഷണമില്ലാത്തതിനാൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി–ഗുണ്ടാസംഘങ്ങളിൽപ്പെട്ടവരും നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരും പെരുമ്പളം ദ്വീപിൽ തമ്പടിക്കാറുണ്ട്. ഇവർ പെരുമ്പളത്തെ സ്ഥിരതാമസക്കാർക്കു ഭീഷണിയാണ്.

പൊലീസ് ഔട്ട് പോസ്റ്റ് വേണമെന്ന ആവശ്യവുമായി വർഷങ്ങൾക്ക് മുമ്പ് ജനപ്രതിനിധികളും സാമുഹിക–സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിൽ കാലതാമസം നേരിട്ടു. ആദ്യഘട്ടത്തിൽ നാലുപൊലീസുകാരെ നിയോഗിച്ചുകൊണ്ടാണ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം ഇപ്പോൾ ആരംഭിച്ചത്.