ambala

അമ്പലപ്പുഴ : തകഴി കന്നാമുക്കിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ചോർച്ച പരിഹരിക്കാനായി റോഡ് കുഴിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഒരാഴ്ച മുമ്പാണ് ഈ ഭാഗത്ത് പൈപ്പ് ചോർച്ചയുണ്ടായത്. രണ്ടു ദിവസം മുമ്പ് കേളമംഗലത്തും ചോർച്ചയുണ്ടായി. ഇവിടെ മുമ്പ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന ഭാഗത്ത് ടാറിംഗ് ജോലികൾ ആരംഭിച്ചപ്പോഴാണ് പൈപ്പ് ചോർച്ച ഉണ്ടായത്.രണ്ടു മാസങ്ങൾക്കു മുൻപ് കന്നാ മുക്കാൽ പൈപ്പ് ചോർച്ചയുണ്ടായപ്പോൾ 2 മീറ്റർ നീളത്തിൽ പൈപ്പ് മുറിച്ച് മാറ്റി പുതിയ പൈപ്പ് യോജിപ്പിച്ചിരുന്നു. ഇവിടെ മാത്രം മൂന്ന് ഭാഗത്താണ് മുമ്പ് ചോർച്ചയുണ്ടായത്. തകഴി കിഴക്ക് കുഴൽക്കിണറിനു സമീപം പൊട്ടിയ പൈപ്പ് നീക്കം ചെയ്ത് പുതിയത് യോജിപ്പിച്ചാൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകുകയുള്ളു എന്ന് പറയപ്പെടുന്നു.ഇവിടെ കുഴിച്ച റോഡ് പുനർനിർമ്മിക്കാനാരംഭിച്ചപ്പോഴാണ് വീണ്ടും ചോർച്ച ഉണ്ടായത്. അറ്റകുറ്റപണികൾക്കായി കടപ്രയിൽ നിന്നുമുള്ള പമ്പിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ഇതുമൂലം ആലപ്പുഴ നഗരത്തിലും, സമീപത്തെ 8 പഞ്ചായത്തുകളിലും കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്. ഇനിയും 3 ദിവസം കൂടി ഈ സ്ഥിതി തുടരുമെന്നാണ് അധികൃതർ പറയുന്നത്.