ആലപ്പുഴ: എൽ.ഡി.എഫ് അടക്കി വാണിരുന്ന അരൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ വിജയക്കൊടി പാറിച്ചു. 2079 വോട്ടുകൾക്ക് എൽ.ഡി.എഫിലെ മനു സി.പുളിക്കലിനെയാണ് ഷാനിമോൾ തോല്പിച്ചത്.

കോൺഗ്രസിൻെറ കുത്തകയായിരുന്ന വട്ടിയൂർക്കാവും കോന്നിയും എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ സി.പി.എമ്മിൻെറ തറവാടായിരുന്ന അരൂർ പിടിച്ചൊതുക്കിക്കൊണ്ടാണ് യു.ഡി.എഫ് തിരിച്ചടിച്ചത്. വട്ടിയൂർക്കാവിലും കോന്നിയിലും യു.ഡി.എഫ് ദയനീയമായി തോൽക്കുന്നത് നാേക്കിയിരുന്ന കോൺഗ്രസുകാർക്ക് ജീവൻപകർന്നത് അരൂരിലെ മിന്നൽ വിജയമായിരുന്നു. സി.പി.എമ്മിൻെറ കോട്ടപൊളിക്കാൻ കഴിഞ്ഞതിൻെറ ആത്മസംതൃപ്തിയിലാണ് കോൺഗ്രസ്. വിജയാവരം മുഴക്കി യു.ഡി.എഫുകാർ തുള്ളിച്ചാടി. 58വർഷങ്ങൾക്കുശേഷം കോൺഗ്രസിൻെറ കൊടി അങ്ങനെ അരൂരിൽ പാറിപ്പറക്കുകയാണ്.

അരൂർ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും ലീഡ് നേടിക്കൊണ്ടാണ് ഷാനിമോൾ എൽ.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചത്. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മനുവിനായിരുന്നു ലീഡ്. അത് തുടരുമെന്ന് വിചാരിച്ചവരെ അമ്പരപ്പിച്ചുകൊണ്ട് ഷാനി ഒരു കുതിപ്പായിരുന്നു. അത് പിന്നെ പിന്നാട്ടായില്ല. വോട്ടെണ്ണലിൻെറ ഒരവസരത്തിൽപോലും മനുവിന് മുന്നേറാനായില്ല. മറ്റ് നാല് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തീർന്നിട്ടും സസ്പെൻസ് നിലനിറുത്തി വോട്ടെണ്ണൽ മുന്നേറിയപ്പോൾ ലീഡ് നില മാറിമറിയുമാേ എന്നായി ആശങ്ക. എൽ.ഡി.എഫ് ക്യാമ്പുകൾ മ്ളാനതയിലായപ്പോൾ യു.ഡി.എഫ് ഉത്സാഹത്തിൻെറ തേരോടിക്കാൻ കാത്തിരിക്കുകയായിരുന്നു. വോട്ടെണ്ണൽ ക്ളൈമാക്സിലെത്തിയപ്പോൾ ലീഡ് നില ചെറുതായൊന്ന് താഴ്ന്നത് എൽ.ഡി.എഫിന് പ്രതീക്ഷ നൽകിയെങ്കിലും ലീഡ് വീണ്ടും മുന്നേറി വിജയം ഷാനിയിലേക്ക് എത്തുകകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 36,519 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ.എം.ആരിഫ് വിജയിച്ചത്. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ അരൂരിൽ 648 വോട്ടിൻെറ ഭൂരിപക്ഷം ഷാനി നേടിയിരുന്നു. അതും കടന്ന് ആരിഫ് നേടിയ നിയമസഭയിലെ ഭൂരിപക്ഷവും ചാടികടന്നാണ് ഷാനി വിജയതിലകം ചാർത്തിയത്.

ഫലം ഇങ്ങനെ:

ഷാനിമോൾ ഉസ്മാൻ (യു.ഡി.എഫ്): 69356

മനു സി.പുളിക്കൽ (എൽ.ഡി.എഫ്): 67277

പ്രകാശ്ബാബു(എൻ.ഡി.എ) : 16289

ഗീതാ അശോകൻ (കോൺ.റെബൽ) : 352

കെ.വി.സുനിൽകുമാർ(സ്വതന്ത്രൻ ) :278

ആലപ്പി സുഗുണൻ(സ്വതന്ത്രൻ) :142

നോട്ട:840

അസാധു:25

ഭൂരിപക്ഷം: 2079