ambala

അമ്പലപ്പുഴ: ഇന്നലെ രാവിലെ മുതൽ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് നിരവധി വീടുകൾ തകർച്ചാഭീഷണിയിലാണ്.പരിസരമാകെ കൂറ്റൻ തിരമാലകളടിച്ചു കയറി പ്രദേശമാകെ വെള്ളക്കെട്ടിലായി. പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡിലാണ് കടൽക്ഷോഭം ശക്തമായത്. പുലിമുട്ടിനു സമീപം കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് തിരമാലകൾ ശക്തമായി കരയിലേക്ക് അടിച്ചു കയറുന്നത്.നിരവധി വീടുകൾ പ്രദേശത്ത് തകർച്ചാഭീഷണിയിലാണ് .പുതുവൽ രമാ സത്യൻ, പുതുവൽ രാജനി, പുതുവൽ പ്രേമൻ, കന്നിശേരി സുശീല, പുതുവൽ അജിത, പുതുവൽ റഷീദ, പുതുവൽ സരസ്വതി, അലിക്കുഞ്ഞ്, ഷമീർ, കുഞ്ഞുമോൻ, സുമതി,നജിമനീസ, സന്തോഷ് കുമാർ, ഷംനാ ഷിജാർ, പ്രിയാ തമ്പി ,ബിന്ദു, അജിത, റാണി, മഹേശ്വരി തുടങ്ങിയവരുടെ വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളം കയറി വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ സമീപത്തെ 70 ഓളം കുടുംബങ്ങൾ ദുരിതത്തിലാണ്.പലരും ബന്ധുവീടുകളിൽ അഭയം തേടി.വില്ലേജ് അധികൃതർ സ്ഥലത്തെത്തി ക്യാമ്പുതുടങ്ങാൻ സന്നദ്ധത അറിയിച്ചെങ്കിലും ക്യാമ്പിലേക്കു മാറുവാൻ പ്രദേശവാസികൾ കൂട്ടാക്കിയില്ല. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നതായി പ്രദേശവാസികൾ പറയുന്നു.