ആലപ്പുഴ: ഇന്നലെ അരൂർ മണ്ഡലത്തിലെ വോട്ട് എണ്ണിക്കഴിയുന്നതു വരെ ഷാനിമോൾ ഉസ്മാന് ഒരു ചരിത്രമുണ്ടായിരുന്നു. തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും അരൂരിൽ മുന്നിലെത്തിയെങ്കിലും അവസാനഫലം ഷാനിക്കെതിരായിരുന്നു.

ഇന്നലെ ഉച്ചയോടെ അരൂരിലെ അവസാനഫലം പുറത്തെത്തിയപ്പോൾ ആ ചരിത്രം തിരുത്തിയെഴുതി.

പെരുമ്പാവൂരിൽ നിന്നും ഒറ്റപ്പാലത്ത് നിന്നും നിയമസഭയിലേക്കും കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും മത്സരിച്ച് പരാജയം ഏറ്റുവാങ്ങിയപ്പോൾ നെഞ്ച്പൊള്ളുന്ന വേദനയോടെയായിരുന്നു അതിനെ നേരിട്ടത്. പാർലമെൻറിലെ വോട്ടെണ്ണിയപ്പോൾ സ്വന്തം വീട്ടിലെ മുറിയിൽ കതകടച്ചിരുന്നായിരുന്നു ഫലം അറിഞ്ഞുകൊണ്ടിരുന്നത്. പ്രവർത്തകർക്ക് മുന്നിൽപ്പോലും പ്രത്യക്ഷപ്പെടാതിരുന്ന ഷാനി ഇന്നലെ ഫലം അറിഞ്ഞത് യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിലിരുന്നായിരുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷിനും ഡി.സി.സി പ്രസിഡൻറ് എം.ലിജുവിനൊപ്പമിരുന്ന് ടെലിവിഷനിൽ ഫലം കണ്ടുകൊണ്ടിരുന്നത്. അത് വിജയത്തിലെത്തിയപ്പോൾ ദൈവത്തിനോടാണ് ആദ്യം ഷാനി നന്ദി പറഞ്ഞത്. പിന്നെ യു.ഡി.എഫ് നേതൃത്വത്തിനും അരൂരിലെ ജനതയ്ക്കും.

മുസ്ളീം സമുദായത്തിൽ നിന്നും തന്റേടത്തോടെ രാഷ്ട്രീയ രംഗത്ത് നിൽക്കുന്ന വനിതയാണ് ഷാനിമോൾ ഉസ്മാൻ. ഒരു തിരഞ്ഞെടുപ്പിൽ തോറ്റു എന്ന് കരുതി കാൽ പിന്നോട്ട് വലിക്കുന്ന സ്വഭാവമില്ല. വിജയിക്കുമെന്ന ആത്മവിശ്വാസം. അതാണ് ഷാനിമാേളുടെ കരുത്ത്. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞടുപ്പിൽ വയനാട് മത്സരിക്കാൻ താത്പര്യം പ്രക‌ടിപ്പിച്ചെങ്കിലും സീറ്റ് കിട്ടിയില്ല. ആലപ്പുഴ വേണമെന്നായി. അതുംകിട്ടാതായപ്പോൾ ഡൽഹിയിൽ പോയി സീറ്റും വാങ്ങി മത്സരത്തിനിറങ്ങി കോൺഗ്രസുകാരെ തന്നെ ഞെട്ടിച്ചു.

നിലപാടുകളിൽ ചാഞ്ചാട്ടമില്ലാത്ത വ്യക്തിത്വമാണ്. ചർച്ചകളിൽ വാക്‌സാമർത്ഥ്യവും. എതിരാളികളെയും ചിരിയോടെ എതിരേൽക്കുന്ന പ്രകൃതം. 2014ൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിച്ചെങ്കിലും മത്സരിക്കാൻ വിസമ്മതിച്ചു.

എം.എ, എൽഎൽ.ബി ബിരുദധാരിയാണ്. എ.ഐ.സി.സി മുൻസെക്രട്ടറി,മഹിളാ കോൺഗ്രസ് സംസ്ഥാന മുൻ പ്രസിഡന്റ്,ആലപ്പുഴ മുനിസിപ്പൽ മുൻ ചെയർമാൻ,

ജില്ലാ പഞ്ചായത്ത് മുൻഅംഗം,ജില്ലാ പ്ളാനിംഗ് കമ്മിറ്റി മുൻഅംഗം,കെ.എസ്.യു മുൻസംസ്ഥാന വൈസ് പ്രസിഡന്റ്,കേരള സർവകലാശാല മുൻസെനറ്റ് അംഗം,

കേരള സർവകലാശാല യൂണിയൻ മുൻ കൗൺസിലർ,ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി മുൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും എ.ഐ.സി.സി അംഗവും.

ഭർത്താവ്: റിട്ട. തഹസിൽദാർ അഡ്വ. മുഹമ്മദ് ഉസ്മാൻ ,മക്കൾ: ആസിയാ തമി ഷെനാസ്, ആലിഫ് സത്താർ ഉസ്മാൻ