കായംകുളം: ദേശീയപാതയിൽ അപടത്തിൽപ്പെട്ട കാറിൽനിന്നിറങ്ങിയ യുവാവ് യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പതിനൊന്ന് പേർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.
ചൊവ്വാഴ്ച രാത്രി 11 ഓടെ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം.
പൊലീസ് പറയുന്നത്:
ദേശീയപാതയിലെ ഡിവൈഡറുകൾ അവസാനിക്കുന്ന ഭാഗത്ത് രണ്ട് സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ, നാല് യുവാക്കൾ സഞ്ചരിച്ചിരുന്ന വെള്ള ഐ ട്വന്റി
കാർ തട്ടി. തുടർന്ന് ഇരുകാറുകളും റോഡിൽ നിറുത്തിയിട്ടു. ഇതു മൂലം ഗതാഗതതടസമുണ്ടായി. ഇതിനിടെ കാറുകൾക്കു പിന്നിൽ വന്ന ലോറിയുടെ ഡ്രൈവർ ഹോൺ മുഴക്കി. ഇതിൽ പ്രകോപിതനായാണ് ഐ ട്വന്റി കാറിൽ നിന്ന് യുവാവ് പുറത്തിറങ്ങി തോക്കു ചൂണ്ടിയത്.
ബഹളത്തിനിടെ ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും യുവാവ് ആക്രോശിച്ചുകൊണ്ട് തോക്കുചൂണ്ടി.
നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചപ്പോഴേക്കും എട്ട് ബൈക്കുകളിലെത്തിയ സംഘത്തോടൊപ്പം യുവാവ് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. കാറിനുള്ളിൽ മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
സി.സി ടിവി കാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ വച്ച് അന്വേഷണം നടത്തിയെങ്കിലും ഈ വാഹന നമ്പർ വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബൈക്കുകളുടെ അകമ്പടിയോടെ വ്യാജ നമ്പർപ്ളേറ്റുള്ള കാറിൽ തോക്കുമായി സഞ്ചരിച്ച സംഘത്തിന് കവർച്ച തുടങ്ങിയ ലക്ഷ്യങ്ങളുണ്ടാകുമെന്നും ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം.