ഹരിപ്പാട്: തീരദേശ മേഖലയായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിൽ തീരങ്ങളിൽ കടലാക്രമണം രൂക്ഷം. രണ്ടു ദിവസമായി തുടരുന്ന കടലാക്രമണത്തിൽ നൂറിലേറെ വീടുകളിൽ വെള്ളം കയറി. തീരദേശ റോഡിൽ ഗതാഗതം താറുമാറായി. ബസ് സർവിസുകൾ നിർത്തി വച്ചു. ജനജീവിതത്തെ സ്തംഭിപ്പിച്ച് കടലാക്രമണം ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച കടൽക്ഷോഭം ഇന്നലെ രാവിലെ ശക്തമാകുകയായിരുന്നു. പെരുമ്പള്ളി, വട്ടാച്ചാൽ , രാമഞ്ചേരി, നല്ലാണിക്കൽ, കള്ളിക്കാട്, ആറാട്ടുപുഴ ബസ്റ്റാന്റ്, ലക്ഷം വീട് ഭാഗം, എം.ഇ.എസ് ജംഗ്ഷൻ, കാർത്തിക ജംഗ്ഷൻ, ശിവജി നഗർ എന്നിവിടങ്ങളിലാണ് കടൽ കയറിയത്. തീരദേശ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡിൽ പലയിടത്തും മണ്ണും കല്ലും കയറി ഗതാഗതം തടസപെട്ടു. തിരമാലയിൽ പെട്ട് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. ആറാട്ടുപുഴ ബസ്റ്റാന്റിന് തെക്ക് കണ്ടയിൽ വീട്ടിൽ ഹുസൈൻ, വട്ടത്തറപടീറ്റതിൽ ഇർഷാദ്, നല്ലാണിക്കൽ ഉണിശ്ശേരിൽ അനിൽകുമാറിന്റെയും വീടിന്റെ ചുറ്റുമതിൽ പൂർണമായും തകർന്നു. രാമഞ്ചേരി 10-ാം വാർഡിൽ സാധുപുരത്തിൽ റാഫിയുടെ വീട് ഭാഗികമായി കടലെടുത്തു. ആറാട്ടുപുഴ ബസ്റ്റാന്റ് മുതൽ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗർ വരെ തീരദേശ റോഡ് അപകട ഭീഷണി നേരിടുകയാണ്. പുതിയതായി നിർമ്മിച്ച റോഡിൽ വലിയ കുഴി രൂപപെട്ടിട്ടുണ്ട്. ഇവിടെ റോഡിലേക്കാണ് തിരമാല പതിക്കുന്നത്. നിരവധി ഇരുചക്ര വാഹന യാത്രികരാണ് റോഡിൽ പതിച്ച തിരമാലകളിൽ പെട്ട് മറിഞ്ഞു വീണത്. പെരുമ്പള്ളി കളത്തിൽ ചിറയിൽ സന്തോഷിനെ (42) കാലിനും കൈക്കും പരിക്ക് പറ്റിയതിനെ തുടർന്ന് ആറാട്ടുപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ആറാട്ടുപുഴ പടിഞ്ഞാറേ ജുമാ മസ്ജിദിന്റെ വളപ്പിലേക്കും കടൽ വെള്ളം ഇരച്ചു കയറി. കടലാക്രമണം തുടർന്നാൽ നിരവധി വീടുകളും കടകളും തകരാനുള്ള സാധ്യതയും ഏറെയാണ്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലനതോപ്പിൽ മുക്കിന് പടിഞ്ഞാറ്, പുത്തൻപുര ജംഗ്ഷൻ, പള്ളിപ്പാട്ട് മുറി, പ്രണവംനഗർ, ഗസ്റ്റ് ഹൗസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ കടൽ നാശം വിതച്ചു. റവന്യൂ വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി സ്ഥിതി ഗതികൾ വിലയിരുത്തി.