തുറവൂർ: തുറവുർ മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ ദീപാവലി വലിയ വിളക്ക് ഉത്സവം നാളെ നടക്കും. ശ്രീ നരസിംഹമൂർത്തിയും ശ്രീ മഹാസുദർശനമൂർത്തിയും അനുഗ്രഹവർഷം ചൊരിയുന്ന തിരുവുത്സവം ദർശിക്കാൻ നാനാദിക്കുകളിൽ നിന്നും പതിനായിരങ്ങൾ പുലർച്ചേ മുതൽ ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തും. ആലവട്ടവും വെഞ്ചാമരവുമായി കേരളത്തിലെ തലയെടുപ്പുള്ള 15 ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശ്രീബലിയ്ക്ക് മേളകലാ ചക്രവർത്തി പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രമാണ ത്തിൽ 50 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന മേജർ പഞ്ചാരിമേളവും ഡോ.എൻ.ആർ.കണ്ണൻ, ഡോ.എൻ.ആർ.ആനന്ദ് എന്നിവരുടെ നാദസ്വരവും മേള പ്രപഞ്ചമൊരുക്കും. പുലർച്ചേ 4 നാണ് ദർശന പ്രധാനമായ കൂട്ടിഎഴുന്നള്ളത്ത്.തുടർന്ന് വലിയ കാണിക്ക.6 ന് യാത്രയയപ്പ് .ക്ഷേത്രത്തിൽ എഴുന്നള്ളത്തിനെത്തുന്ന കരിവീരന്മാർക്കായി നടത്തുന്ന ആനയൂട്ട് ദീപാവലി ഉത്സവത്തിന്റെ പ്രധാന ആകർഷണമാണ്. ക്ഷേത്രാങ്കണത്തിൽ തൃശൂരിൽ നിന്നെത്തിച്ച ആനച്ചമയങ്ങളടെ പ്രദർശനവും ഒരുക്കി കഴിഞ്ഞു. നിത്യാന്നദാനമുള്ള ക്ഷേത്രത്തിൽ കൊടിയേറ്റു മുതൽ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ വിശാലമായ പന്തലിൽ ഉച്ചയ്ക്ക് നടക്കുന്ന അന്നദാനത്തിൽ വൻ ജനാവലിയാണ് പങ്കെടുക്കുന്നത്. ആറാം ഉത്സവ ദിനമായ ഇന്നലെ കാഴ്ച ശ്രീബലിക്ക് ഗജോത്തമൻ ഈരാറ്റുപേട്ട അയ്യപ്പൻ വടക്കനപ്പന്റെയും മധുരപ്പുറം കണ്ണൻ തെക്കനപ്പന്റേയും തിടമ്പേറ്റി. എട്ട് ആനകൾ എഴുന്നള്ളത്തിൽ അണിനിരന്നു. ചൊവ്വല്ലൂർ മോഹന വാര്യരുടെ പ്രമാണത്തിലുള്ള പഞ്ചാരിമേളവും സിനിമാതാരം നവ്യാനായരും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ലവണാസുരവധം കഥയെ ആസ്പദമാക്കിയ മേജർസെറ്റ് കഥകളിയും കാണികളെ ഉത്സവ ലഹരിയിലാഴ്ത്തി. ഇന്ന് പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ, പാറമേക്കാവ് ശ്രീപത്മനാഭൻ , കുളമാക്കൽ പാർത്ഥസാരഥി തുടങ്ങിയ പന്ത്രണ്ട് ആനകൾ എഴുന്നള്ളത്തിനെത്തും. ചോറ്റാനിക്ക ര വിജയൻ മാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യവും സംഗീതലയവാദ്യ കലാപ്രതിഭ കരുവാറ്റ ജി.വിശ്വനാഥന്റെ നാദസ്വരവും മേള കൊഴുപ്പേകും. == ഇന്ന് . തുറവൂർ മഹാക്ഷേത്രത്തിൽ ഇന്ന് രാവിലെ 8ന് ശ്രീബലി, ഉച്ചയ്ക്ക് ഒന്നിന് മരുത്തോർവട്ടം കണ്ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുളളൽ, 2.30 ന് പ്രൊഫ. പാർവ്വതി വെങ്കിടാചലത്തിന്റെ വയലിൻ കച്ചേരി, വൈകിട്ട് 4 ന് നൃത്തനൃത്യങ്ങൾ, 4.30 ന് കാഴ്ചശ്രീബലി,6.30 ന് മൂഴിക്കുളം കെ.ആർ.ഹരികൃഷ്ണന്റെ സംഗീത സദസ്, രാത്രി 9 ന് മൈസൂർ കെ.ജെ.ദിലീപ്, സംഗീത ദിലീപ് എന്നിവരുടെ വയലിൻ ഡ്യുവറ്റ്,11 ന് വിളക്ക്, രാത്രി ഒന്നിന് എരൂർ ഭവാനീശ്വര കഥകളിയോഗത്തിന്റെ കഥകളി .